Mukkam

കാട്ടുപന്നിശല്യം അതിരൂക്ഷം; നായാട്ടിനൊരുങ്ങി മുക്കം നഗരസഭ

മുക്കം : നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ നായാട്ടിനൊരുങ്ങി മുക്കം നഗരസഭ. എംപാനൽ ഷൂട്ടർമാർക്ക് കാട്ടുപന്നികളെ പിടികൂടാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ വേട്ടനായകളെ ഉപയോഗിച്ച് അംഗീകൃത ഷൂട്ടർമാരുടെ നേതൃത്വത്തിലാണ് നായാട്ടിനൊരുങ്ങുന്നത്.

ഒരുദിവസം പരമാവധി രണ്ടുകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നായാട്ട് നടത്താനാകുമെന്നാണ് നായാട്ടുസംഘത്തിന്റെ അഭിപ്രായം. നഗരസഭയിലെ രണ്ടുകേന്ദ്രങ്ങൾ നിശ്ചയിക്കുന്നതിനായി വ്യാഴാഴ്ച മണാശ്ശേരിയിൽ കർഷകരുടെയും നഗരസഭാ അധികൃതരുടെയും യോഗം ചേരും. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ ഒന്നിന് ആയിരം രൂപയും സംസ്കരിക്കാൻ 1500 രൂപയുമാണ് നഗരസഭ നൽകുക.
മലയോരമേഖലയിലെ കാട്ടുപന്നിശല്യം അതിരൂക്ഷമായ കോടഞ്ചേരി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ നേരത്തേ കാട്ടുപന്നികളെ പിടികൂടാൻ നായാട്ട് നടത്തിയിട്ടുണ്ട്.കഴിഞ്ഞദിവസം ഒട്ടേറെ കർഷകരുടെ വാഴയും കപ്പയും ചേനയും തെങ്ങിൻതൈകളും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. ശല്യം രൂക്ഷമായതോടെ ഒട്ടേറെ കർഷകർ കൃഷി ഉപേക്ഷിക്കുകയും മറ്റുപലരും കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലുമാണ്. മുക്കം നഗരസഭയിലെ മണാശ്ശേരി, കച്ചേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്.

മുക്കം നഗരസഭയ്ക്കുപുറമേ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. പകൽസമയത്തുപോലും കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് നോക്കിനിൽക്കേണ്ട അവസ്ഥയാണെന്ന് കർഷകർ പറയുന്നു. വാഴ, ചേമ്പ്, മധുരക്കിഴങ്ങ് തുടങ്ങി ഒന്നുംകൃഷിചെയ്യാനാവുന്നില്ലെന്ന് മണാശ്ശേരി നെറ്റിലാംപുറത്ത് വിനോദ് പറയുന്നു.
കൃഷിയോടുള്ള താത്പര്യംകൊണ്ടാണ് ലാഭമില്ലെന്നറിഞ്ഞിട്ടും മണ്ണിലിറങ്ങുന്നതെന്ന് വിനോദ് പറഞ്ഞു.വിനോദിന്റെ ഇരുനൂറോളം വാഴകളാണ് കഴിഞ്ഞവർഷം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. ചേമ്പ്, കപ്പ, പച്ചക്കറി തുടങ്ങിയവയും നശിപ്പിച്ചവയിൽപ്പെടുന്നു. കഴിഞ്ഞ സീസണിൽ 700 വാഴകളാണ് വിനോദ് വെച്ചുപിടിപ്പിച്ചിരുന്നത്.ഇൻഷുർചെയ്ത, കുലച്ച വാഴകൾക്ക് 300 രൂപയും കുലയ്ക്കാത്തവയ്ക്ക് 150 രൂപയുമാണ് നഷ്ടപരിഹാരമായി സർക്കാർ നൽകുന്നത്.കാട്ടുപന്നികൾ നശിപ്പിക്കുന്ന വാഴയ്ക്ക് കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും തുക അപര്യാപ്തമാണെന്ന് കർഷകർ പറയുന്നു.ഒരു വാഴ കുലയ്ക്കാറാകുമ്പോഴേക്കും 150മുതൽ 200വരെ കർഷകന് ചെലവുവരും. അധ്വാനം വേറെയും. പക്ഷേ, കുലയ്ക്കാത്ത വാഴയൊന്നിന് നഷ്ടപരിഹാരമായി കർഷകർക്ക് ലഭിക്കുന്നത് 150 രൂപ മാത്രവും.വിളകൾക്ക് മാത്രമല്ല, കർഷകർക്കും രക്ഷയില്ലാത്ത അവസ്ഥയാണ്

പലരും കാട്ടുപന്നികളുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. കാട്ടുപന്നികൾക്കുപുറമേ മുള്ളൻപന്നികൾ, കുരങ്ങുകൾ,മയിലുകൾ തുടങ്ങിയവയുടെ ശല്യവും രൂക്ഷമാണ്. മയിലുകൾ നെൽക്കൃഷിയാണ് വ്യാപകമായി നശിപ്പിക്കുന്നത്. വൻ സാമ്പത്തികനഷ്ടമാണ് കാട്ടുപന്നികൾ ഉൾപ്പെടെയുള്ളവ കർഷകർക്ക് വരുത്തുന്നത്.

Related Articles

Leave a Reply

Back to top button