പെൻഷനേഴ്സ് യൂണിയൻ സോഷ്യൽ വെൽഫെയർ സന്നദ്ധ സേന (അരികെ ) ലോഞ്ച് ചെയ്തു

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെ സന്നദ്ധ സേന (അരികെ ) പദ്ധതി ലോഞ്ച് ചെയ്തു.സംഘടനയുടെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ വേറിട്ട ചുവടു വെപ്പെന്ന നിലയിൽ സോഷ്യൽ വെൽഫെയർ സ്കീമിന്റെ ഭാഗമായിട്ടാണ് 25 അംഗങ്ങളുടെ സന്നദ്ധ സേന രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.
ജീവിതായോധനത്തിന്റെ ഭാഗമായി മക്കൾ വിദേശത്തേക്ക് ചേക്കേറുകയും വിടുകളിൽ വയോധികരായ പെൻഷൻ അംഗങ്ങളായ മാതാപിതാക്കൾ തനിച്ചാവുകയും ചെയ്യുന്ന ഇക്കാലത്ത് അവർക്ക് സഹായഹസ്തവുമായി എത്തുക എന്ന ലക്ഷ്യത്തോടെയാണ് വൊളന്റിയർ ടീം സജ്ജമായിട്ടുള്ളത്.ആശുപത്രിയിൽ പോകുക ,മറ്റ് അത്യാവശ്യ സേവനങ്ങൾ വീടുകളിൽ എത്തിക്കുക എന്നിവക്കായി പ്രവർത്തിക്കുന്ന ടീമിൽ ആതുര ശുശ്രൂഷകർ , കൗൺസിലർമാർ , വാഹനമോടിക്കുന്നവർ എന്നിവരും ഉണ്ടാകും.
അരികെ സേവന പദ്ധതിയുടെ ലോഞ്ചിങ് എഴുത്തുകാരനും അദ്ധ്യാപകനുമായ എ വി സുധാകരൻ നിർവ്വഹിച്ചു. കുടുംബ സംഗമവും ഓണാഘോഷവും ഓണക്കളി മത്സരവും വിവിധ കലാസാംസ്കാരിക പരിപാടികളും ഓണ സദ്യയും സമ്മേളനത്തിന്റെ ഭാഗമായി നടത്തി.
സാംസ്കാരിക വേദിയുടെ ഭാഗമായി നടത്തിയ വിവിധ രചന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവും നൽകി.
കേരള സർക്കാർ കാർഷിക വികസന വകുപ്പിന്റെ മികച്ച ക്ഷോണി സംരക്ഷണ കർഷകനുള്ള സംസ്ഥാന അവാർഡ് ജേതാവും യൂണിറ്റംഗവുമായ പുരയിടത്തിൽ പി ജെ തോമസിനെ സമ്മേളനത്തിൽ ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് എം വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ ഹരിദാസ് , ട്രഷറർ ജോസ് പ്രസാദ്,ജില്ലാ കമ്മിറ്റി അംഗം ജോസ് മാത്യൂ , ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി ടി സദാനന്ദൻ ,അരികെ കൺവീനർ എം കെ തോമസ്, സോഷ്യൽ വെൽഫെയർ സ്കീം കൺവീനർ കെ സി ജോസഫ് , വനിതാവേദി കൺവീനർ ആനി സഖറിയാസ്, എം എം ജോസഫ് , വി വി വത്സമ്മ എന്നിവർ പ്രസംഗിച്ചു.







