Kodanchery

നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസ് പുതിയ കെട്ടിടം; അപാകതകൾ പരിഹരിച്ച് തുറന്നു പ്രവർത്തനം ആരംഭിക്കുക

കോടഞ്ചേരി: നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിനുവേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം അപാകതകൾ പരിഹരിച്ച് തുറന്നു കൊടുക്കണമെന്ന് നെല്ലിപ്പൊയിൽ വില്ലേജ് ജനകീയ സമിതി ആവശ്യപ്പെട്ടു.

2024-25 സാമ്പത്തിക വർഷത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസ് മാനദണ്ഡത്തിൽ ഉയർത്തി റവന്യു വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ച് മഞ്ഞുവയൽ സെൻ്റ് ജോൺസ് പള്ളി സൗജന്യമായി നൽകിയ 5 സെൻ്റ് സ്ഥലത്ത് നിർമ്മിച്ച വില്ലേജ് ഓഫീസ് കെട്ടിടമാണ് നോക്കുകുത്തിയായി നിൽക്കുന്നത്.സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനെ ( എസ് ഐ കെ എൽ) ആയിരുന്നു നിർമ്മാണ ചുമതലയേൽപ്പിച്ചിരുന്നത്. എന്നാൽ എസ് ഐ കെ എൽ ഈ പ്രവർത്തി സ്വകാര്യ നിർമ്മാണ കമ്പനിയായ നാലകത്ത് എന്ന കമ്പനിക്ക് ഉപകരാർ നൽകുകയായിരുന്നു.

റോഡിൽ നിന്നും കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് സ്റ്റെപ്പ് , അംഗപരിമിതർക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ റാമ്പ് എന്നിവ നിർമ്മിക്കേണ്ടതുണ്ട്. കൂടാതെ പില്ലറിൽ നിർമ്മിച്ചിട്ടുള്ള അണ്ടർ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിനുള്ള റാമ്പും നിർമ്മിക്കേണ്ടതായിട്ടുണ്ട്. നിലവിലുള്ള വില്ലേജ് ഓഫീസ് കെട്ടിടം അസൗകര്യങ്ങളുടെ നടുവിലാണ്. രണ്ടിൽ കൂടുതൽ ആളുകൾ വന്നാൽ നിന്നു തിരിയാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ജീവനക്കാരും നാട്ടുകാരും. ആയതിനാൽ ഉദ്യോഗസ്ഥതലത്തിലും ജനപ്രതിനിധി തലത്തിലും സത്വര നടപടി സ്വീകരിക്കണമെന്ന് വില്ലേജ് ജനകീയ സമിതി അംഗങ്ങളായ ബിജു ഓത്തിക്കൽ,പോൾസൺ അറയ്ക്കൽ, ലല്ലറ്റ് മുകളത്ത് എന്നിവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button