കൃഷിയിടങ്ങൾ ഉഴുതുമറിച്ച് കാട്ടുപന്നിക്കൂട്ടം; നായാട്ട് നടത്തി ഗ്രാമപ്പഞ്ചായത്ത്

കൊടിയത്തൂർ : കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ സർവനാശം വിതയ്ക്കുന്നത് കർഷകർക്ക് താങ്ങാനാവാത്ത ദുരിതമായി തുടരുന്ന സാഹചര്യത്തിൽ പരിഹാരം ലക്ഷ്യമിട്ട് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് നായാട്ട് സംഘടിപ്പിച്ചു. എംപാനൽ ഷൂട്ടർമാർക്ക് പരിഹരിക്കാൻ കഴിയാത്തത്ര വലിയതോതിൽ പന്നികളുടെ എണ്ണം പെരുകിയതിനാലാണ് കർഷകരെ രക്ഷിക്കാൻ അംഗീകൃത ഷൂട്ടർമാരുടെയും വേട്ടനായകളുടെയും കൂടി സഹായത്തോടെ നായാട്ട് സംഘടിപ്പിച്ചത്. കാട്ടുപന്നിശല്യം ഏറ്റവും രൂക്ഷമായ രണ്ട്, 15, 16 വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു കാട്ടുപന്നിവേട്ട. 13 എംപാനൽ ഷൂട്ടർമാരുടെയും എട്ടു വേട്ടനായകളുടെയും നേതൃത്വത്തിൽ നടന്ന നായാട്ടിൽ ഒൻപത് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് ദിവ്യാ ഷിബു, വൈസ് പ്രസിഡൻറ്് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർമാരായ വി. ഷംലൂലത്ത്, യു.പി. മമ്മദ്, കെ.ജി. സീനത്ത്, ഫാത്തിമ നാസർ തുടങ്ങിയവർ നേതൃത്വം നൽകി. മലയോര മേഖലയിലെ കാട്ടുപന്നിശല്യം അതിരൂക്ഷമായ കൊടിയത്തൂരിൽ നേരത്തേ ഒട്ടേറെത്തവണ കാട്ടുപന്നികളെ പിടികൂടിയിട്ടുണ്ട്. കൊടിയത്തൂർ പഞ്ചായത്തിൽ കാട്ടുപന്നികൾ കൃഷിസമൂലം നശിപ്പിക്കുന്ന അവസ്ഥയാണ്. കടംവാങ്ങിയും ഭൂമി പാട്ടത്തിനെടുത്തുമൊക്കെ കൃഷി ചെയ്യുന്നവർക്ക് കൃഷിനാശം വലിയ തിരിച്ചടിയാണ്. തെങ്ങ്, കമുക്, റബ്ബർ, കുരുമുളക്, പഴവർഗങ്ങൾ മുതലായവ വർഷങ്ങളോളം പരിപാലിച്ചത് നശിപ്പിക്കപ്പെടുമ്പോൾ കർഷകർക്ക് ജീവിതമാർഗംപോലും നഷ്ടപ്പെട്ട അവസ്ഥയാണ്.
കാടും മലകളും തോട്ടങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ കാട്ടുപന്നികളുടെ എണ്ണം വളരെ ഏറെയാണ്. എം.പാനൽ ഷൂട്ടർമാർക്ക് കൊന്നൊടുക്കാനും വലിയ ബുദ്ധിമുട്ടാണ്. അധികവും രാത്രികാലങ്ങളിലാണ് പന്നികൾ എത്തുന്നത്. വെളിച്ചംകണ്ടാൽ പന്നികൾ സ്ഥലംവിടും. ഇരുളിൽ പന്നികളുടെ വരവും കാത്ത് പതുങ്ങിനിൽക്കുന്നത് ഇഴജന്തുക്കളുടെയും മറ്റും ഭീഷണി നേരിട്ടുവേണം. വിളകൾക്ക് മാത്രമല്ല പന്നികൾ ജീവനും ഭീഷണിയാണ്. കർഷകരായ ജനങ്ങൾ ഇവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. യാത്രക്കാരെ ഇടിച്ചിടുന്നത് പതിവാണ്. കൽപ്പൂരിലെ കൃഷിയിടത്തിൽവെച്ച് പന്നിയുടെ ആക്രമണത്തിൽ ഒരു കർഷകൻ മരിച്ചിരുന്നു. ആനയാംകുന്ന് സ്വദേശി ഇരുചക്രവാഹനത്തിൽ പന്നി ഇടിച്ചുണ്ടായ അപകടത്തിലും മരിച്ചിട്ടുണ്ട്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. കാട്ടുപന്നികൾക്ക് പുറമേ മുള്ളൻപന്നികൾ, കുരങ്ങുകൾ, മയിലുകൾ തുടങ്ങിയവയുടെ ശല്യവും രൂക്ഷമാണ്.







