Kodiyathur

ചെറുവാടിയിൽ സ്റ്റേഡിയംനിർമാണം ഉദ്ഘാടനംചെയ്തു

കൊടിയത്തൂർ : ഇടതുസർക്കാരിന് സംസ്ഥാനത്ത് കായിക വികസനത്തിൽ വലിയമുന്നേറ്റം നേടാനായതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുവാടിയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ വന്നശേഷം 846 കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ ജോലിനൽകാൻ സാധിച്ചു. ദേശീയ ചാമ്പ്യൻഷിപ്പ്, ഒളിമ്പിക്സ് തുടങ്ങിയവയിൽ വിജയികളായ എല്ലാവർക്കും ജോലിനൽകി. 240-ഓളം കായികതാരങ്ങൾക്ക് പുതുതായി ജോലിനൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. വിവിധപ്രദേശങ്ങളിൽ സ്റ്റേഡിയങ്ങളും കളിക്കളങ്ങളും നിർമിക്കുന്നതിന് 2000 കോടിയിലധികം രൂപയുടെ നിക്ഷേപം സർക്കാർ നടത്തിയിട്ടുണ്ട്.

ഒരു പഞ്ചായത്തിൽ ഒരുകളിക്കളം പദ്ധതിയിലൂടെ 267 പഞ്ചായത്തുകളിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിൽ 67 എണ്ണം ഉദ്ഘാടനം ചെയ്തു.
കായികവകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയും ലിന്റോ ജോസഫ് എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തിവികസനഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപയും ചേർത്ത് ഒരുകോടി രൂപ ചെലവിലാണ് ചെറുവാടിയിൽ സ്റ്റേഡിയം നിർമിക്കുന്നത്.

ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യ ഷിബു, വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ, ജില്ലാപഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്, ഗ്രാമപ്പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ജോണി ഇടശ്ശേരി, സുജാ ടോം, എം.കെ. ഉണ്ണിക്കോയ, കെ.വി. അബ്ദുറഹിമാൻ, ഗുലാം ഹുസൈൻ കൊളക്കാടൻ, ഇ. അരുൺ, സെക്രട്ടറി ആൻസു എന്നിവർ സംസാരിച്ചു. എക്സിക്യുട്ടീവ് എഞ്ചിനിയർ മുഹമ്മദ്‌അഷ്‌റഫ്‌ റിപ്പോർട്ട് അവതരിപ്പിച്ചു.

Related Articles

Leave a Reply

Back to top button