സ്ത്രീശാക്തീകണം സഹകരണസംഘത്തിലൂടെ

കോടഞ്ചേരി : കത്തോലിക്ക കോൺഗ്രസിന്റെ കോടഞ്ചേരി യൂണിറ്റും ദീപിക ഫ്രണ്ട്സ് ക്ലബ്ബും ചേർന്ന് കോടഞ്ചേരിയിൽ വെച്ച് സ്ത്രീശക്തികരണ സെമിനാർ സംഘടിപ്പിച്ചു.
കോടഞ്ചേരി ഇടവകയിലെ വിവിധ സംഘടനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അൻപതോളം വനിതകൾക്ക് ആയിരുന്നു സെമിനാർ. സമൂഹ പുരോഗതിക്ക് സ്ത്രീ ജനങ്ങൾ പൊതുരംഗത്തേക്ക് കടന്നുവരണമെന്നും നമ്മുടെ നാടിനും സമൂഹത്തിനും അനുയോജ്യമായ സംരംഭങ്ങൾ ആരംഭിക്കുന്നത് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തുണയാകും എന്നും സെമിനാർ വിലയിരുത്തി. ഈ സാഹചര്യത്തിൽ വനിതാ സഹകരണ സംഘത്തിന്റെ പ്രസക്തി വളരെ വലുതാണെന്ന് വിഷയയാവതരണം നടത്തിയ റിട്ട. ജോയിന്റ് രജിസ്ട്രാർ ജോസഫ് എം.പി. അഭിപ്രായപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തിൽ കോടഞ്ചേരിയിൽ ഒരു വനിതാ സഹകരണ സംഘത്തിന് രൂപം കൊടുക്കാൻ സെമിനാറിൽ പങ്കെടുത്ത വനിതാ അംഗങ്ങൾ തീരുമാനമെടുത്തു.
കോടഞ്ചേരി സെന്റ് മേരിസ് ഫൊറോന പള്ളി വികാരി ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡണ്ട് ഡോ. ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിൽ സ്വാഗതം പറഞ്ഞ യോഗത്തിന് ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത വൈസ് പ്രസിഡണ്ട് ജോയി മുകളത്ത് ആശംസകൾ അർപ്പിച്ചു. മാതൃവേദി കോടഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ജിഷ ജോഷി യോഗത്തിന് നന്ദി പറഞ്ഞു.






