Thiruvambady

കിണറ്റിലെ പൊത്തിൽ ‘അജ്ഞാതജീവി’ കുടുങ്ങി

തിരുവമ്പാടി : കിണറ്റിലകപ്പെട്ട അജ്ഞാതജീവിക്കായി ഒരു പകൽമുഴുവൻ കാടടച്ചുള്ള പരിശോധന. വനംവകുപ്പും അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരുമെല്ലാം പരിശ്രമിച്ചിട്ടും ജീവിയെ പുറത്തുചാടിക്കാനായില്ല. കിണറിനകത്ത് ഗുഹപോലെയുള്ള പൊത്തിലൊളിച്ചിരിപ്പാണ് അജ്ഞാതജീവി.

കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള മഞ്ഞക്കടവ് കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ചൊവ്വാഴ്ച രാത്രി ജീവി കുടുങ്ങിയത്. ബുധനാഴ്ച പുലർച്ചെ കിണറ്റിലേക്ക്‌ നേക്കിയപ്പോൾ മാളത്തിലേക്ക് കടുവയോടും പുലിയോടും സാമ്യമുള്ള ജീവി പോകുന്നത് കണ്ടതായി കുര്യന്റെ തോട്ടത്തിലെ തൊഴിലാളിയും പരിസരവാസിയും പറയുന്നു. ചൊവ്വാഴ്ച രാത്രി അലർച്ചകേട്ടതിനെ തുടർന്നായിരുന്നു പരിശോധന. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമറ ഇറക്കിയും ഹൈബീം ലൈറ്റ് അടിച്ചും പരിശോധന നടത്തിയെങ്കിലും ജീവിയെ കണ്ടെത്തിയില്ല. പടക്കംപൊട്ടിച്ചിട്ടിട്ടും ഫലംകണ്ടില്ല. ഉപയോഗശൂന്യമായി കിടക്കുന്ന കിണറ്റിൽ വെള്ളമില്ല. പത്തുമീറ്റർ ആഴമുണ്ട്. പൊത്തിനകത്ത് പല ഉപവഴികളുള്ളത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കിണറിന് മുകളിൽ വലവിരിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കിണറ്റിൽ ക്യാമറയും സ്ഥാപിച്ചു.

പരിശോധന ഇന്നും തുടരുമെന്ന് താമശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ അറിയിച്ചു. ഡിഎഫ്ഒ ആഷിഖ് അലി, ആർആർടി റെയ്ഞ്ച് ഓഫീസർ കെ. ഷാജീവ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി. സുബീർ എന്നിവരും സ്ഥലത്തെത്തി.
വനംവകുപ്പ് താമരശ്ശേരി റെയ്ഞ്ചിന്റെ കീഴിലുള്ള പീടികപ്പാറ സെക്‌ഷന്റെ പരിധിയിൽപ്പെടുന്ന പ്രദേശമാണിത്. നേരത്തേ പരിസരപ്രദേശങ്ങളിൽ കടുവ, പുലി എന്നിവയോട് സാമ്യമുള്ള മൃഗങ്ങളെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. പെരുമ്പൂള കൂരിയോട് കഴിഞ്ഞവർഷം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെട്ടിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, സ്ഥിരംസമിതി അധ്യക്ഷ ജെറീന റോയ്, വാർഡംഗം ജോണി വാളിപ്ലാക്കൽ തുടങ്ങിയവരും സ്ഥലത്തെത്തി.

Related Articles

Leave a Reply

Back to top button