വിവാദങ്ങളുടെ തുടർക്കഥയുമായി പുല്ലൂരാംപാറയിലെ പൊതു വിതരണ കേന്ദ്രം

പുല്ലൂരാംപാറ: കൊറോണകാലത്ത് പലതവണ വിവാദങ്ങൾ സൃഷ്ടിച്ച പുല്ലൂരാംപാറയിലെ പൊതു വിതരണ കേന്ദ്രത്തിനെതിരെ പരാതിയുമായി നാട്ടുകാരും ഡി വൈ എഫ് ഐ പ്രവർത്തകരും രംഗത്തെത്തി.
ജനങ്ങൾക്ക് അർഹതപ്പെട്ട റേഷൻ വിഹിതം നൽകാതെ സ്ഥാപനത്തിലെ ജോലിക്കാരനായ കുഞ്ഞുമോൻ കളവ് നടത്തുന്നു എന്നാണ് പരാതി.
കഴിഞ്ഞ ദിവസം റേഷൻ വിഹിതം വാങ്ങാനെത്തിയ പുല്ലൂരാംപാറ സ്വദേശിയായ റഷീദിനോട് കാർഡ് വാങ്ങി വിരലടയാളം വെക്കാൻ പറയുകയും, തുടർന്ന് റേഷൻ വിഹിതം ഒന്നും ഇല്ലെന്നു പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു, എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ റേഷൻ വിഹിതമായ മൂന്ന് കിലോ ആട്ട കൈപ്പറ്റിയതായി റഷീദിന് എസ് എം എസ് ലഭിക്കുകയും ചെയ്തു.
ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സ്ഥാപന ജീവനക്കാരൻ കളവ് നടത്തുന്നതായി ബോധ്യപ്പെട്ടത്. താൻ കബളിക്കപ്പെട്ടുവെന്ന് മനസിലാക്കിയ റഷീദ് സഹായത്തിനായി പ്രദേശവാസികളായ ഡി വൈ എഫ് ഐ പ്രവർത്തകരെ ബന്ധപ്പെടുകയും തുടർന്ന് റേഷൻ കട ലൈസൻസികൂടിയായ സക്കീനയെ വിളിച്ചുവരുത്തുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഒരാഴ്ചക്കുള്ളിൽ സ്ഥാപനത്തിലെ ജീവനക്കാരെ മാറ്റി പകരം ആളെ വെക്കാമെന്ന് രേഖാമൂലം എഴുതി നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് റഷീദ് തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
ഇതിനു മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതാണെന്ന് നാട്ടുകാരിൽ ചിലർ തിരുവമ്പാടി ന്യൂസ്‌നോട് പറഞ്ഞു.
ഒട്ടനവധി ആദിവാസി കുടുംബങ്ങളുടെ കാർഡുകളുള്ള പുല്ലൂരാംപാറ പൊതു വിതരണ കേന്ദ്രത്തിൽ കൂടുതൽ ക്രമക്കേടുകൾ നടന്നതായി സംശയം ശക്തമാണ്. ഈ സാഹചര്യത്തിൽ സ്ഥാപനത്തിലെ ജീവനക്കാരനെ എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തുമെന്ന് ഡി വൈ എഫ് ഐ പ്രവർത്തകർ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.







