Kerala

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാളെ എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷകള്‍, പരീക്ഷ എഴുതുക ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കൊറോണ കാരണം മാറ്റിവെച്ച എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷകള്‍ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാളെ നടത്തും. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതാന്‍ എത്തുക. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക.

2945 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ. 2032 കേന്ദ്രങ്ങള്‍ ഹയര്‍സെക്കന്‍ഡറിക്കും 389 കേന്ദ്രങ്ങള്‍ വിഎച്ച് എസ്‌സിക്കും ഉണ്ട്. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുകയെന്നാണ് വിലയിരുത്തല്‍. കൊറോണയുടെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ.

മാസ്‌ക്,സാനിറ്റൈസര്‍,തെല്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുളള സുരക്ഷ ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക. വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. പനി പോലെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയിലിരുത്തും.

പരീക്ഷാ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുണ്ടാകും. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തിയ സമയം മുതല്‍ 14 ദിവസം ക്വാറന്റൈനില്‍ താമസിക്കണം.

അതേസമയം, പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയത്. നാളെ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിലുള്ള അവസരം നഷ്ടമാകാതിരിക്കാന്‍
സേ പരീക്ഷക്കൊപ്പം റഗുലര്‍ പരീക്ഷ എഴുതാന്‍ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Back to top button