Thiruvambady

എങ്ങുമെത്താതെ; തിരുവമ്പാടിയിലെ ജൈവവളം നിർമാണ കേന്ദ്രം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് ഒറ്റപ്പൊയിൽ സൂപ്പർ എം.ആർ.എഫ്. മാലിന്യസംസ്കരണ പ്ലാന്റിനോടനുബന്ധിച്ച് തുടങ്ങിയ തുമ്പൂർമുഴി മോഡൽ ജൈവവളം നിർമാണ പ്ലാന്റ് പ്രവർത്തനം ഒരു വർഷമായിട്ടും എങ്ങുമെത്തിയില്ല. കഴിഞ്ഞ എൽ.ഡി.എഫ്. പഞ്ചായത്ത് ഭരണസമിതി പ്ലാൻ ഫണ്ടുപയോഗിച്ച് തുടങ്ങിയ പദ്ധതിയാണ് കാടുപിടിച്ചു നശിക്കുന്നത്. 2017-’18 സാമ്പത്തികവർഷം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച പദ്ധതിയാണിത്. കെട്ടിടം ഉൾപ്പെടെ പശ്ചാത്തല സൗകര്യങ്ങളുമൊരുക്കിയിട്ട് ഒരു വർഷമായി.

ഓരോ ദിവസത്തെയും ജൈവമാലിന്യമത്രയും സംഭരിച്ച്, അന്നന്ന് സംസ്കരിച്ച് സമ്പുഷ്ടീകരിച്ച് ഒന്നാംതരം ജൈവവളമാക്കി കുറഞ്ഞനിരക്കിൽ കർഷകർക്കു കൈമാറുന്നതാണ് തുമ്പൂർമുഴി പദ്ധതി. സംസ്കരണ പ്ലാന്റിന്റെ പരിസരത്തോ ഉള്ളിലോ തെല്ലും മണമില്ലാതെ, പരിസരവാസികൾക്ക് ഒട്ടും ബുദ്ധിമുട്ടില്ലാതെ പ്രവർത്തിക്കാൻ കഴിയുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

പ്ലാന്റിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളെല്ലാം നിലവിലുണ്ടെന്നും ഹരിതകർമസേനയുടെ സേവനം ഉപയോഗപ്പെടുത്തി പദ്ധതി പ്രവർത്തനക്ഷമമാക്കുന്നതിന് അടിയന്തര നടപടികൈക്കൊള്ളണമെന്നും ഗ്രാമപ്പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ് കെ.കെ. ദിവാകരൻ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button