മലയോരമേഖലയുടെ സമഗ്രപുരോഗതി സർക്കാർ ലക്ഷ്യം; മന്ത്രി മുഹമ്മദ് റിയാസ്

തിരുവമ്പാടി : മലയോര, കൂടിയേറ്റമേഖലയിൽ സമഗ്ര വികസനം സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മേലെ കൂമ്പാറ-താഴെ കക്കാട് മലയോര ഹൈവേ കണക്ടിങ് റോഡ് പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
ഈ റോഡ് ഗതാഗതസജ്ജമാകുന്നതോടെ ടൂറിസം-കാർഷിക മേഖലകളിൽ വികസനംകൊണ്ടുവരാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേയുടെ കോടഞ്ചേരി -കക്കാടംപൊയിൽ റീച്ചിൽനിന്നും സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കപ്പെട്ട മേലെ കൂമ്പാറ-താഴെ കക്കാട് ഭാഗത്ത് കണക്ടിങ് റോഡ് നിർമിക്കുന്നത് മലയോര ഹൈവേയുടെ സാമ്പത്തികാനുമതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനായി 26.25 കോടി രൂപയാണ് കിഫ്‌ബി മുഖേന അനുവദിച്ചത്. മലയോര ഹൈവേയുടെ മേലെ കൂമ്പാറയിൽനിന്നും ആരംഭിച്ച് മലയോര ഹൈവേയിൽ തന്നെ താഴെ കക്കാട് ഭാഗത്ത് എത്തിച്ചേരുന്ന പ്രവൃത്തിയിൽ 3.8 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡ്, കലുങ്കുകൾ, മണ്ണിടിച്ചിൽ തടയുന്നതിനായി ബ്രസ്റ്റ് വാൾ, രണ്ട് പാലങ്ങൾ എന്നിവ ഉൾപ്പെടുന്നു. റോഡിന് ആവശ്യമായ സ്ഥലം ഭൂവുടമകളിൽനിന്നും സൗജന്യമായാണ് ലഭ്യമാക്കുന്നത്.
ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷതവഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, മേരി തങ്കച്ചൻ, ഹെലൻ ഫ്രാൻസിസ്, ജെറീന റോയ്, വി. എസ്. രവീന്ദ്രൻ, ബിന്ദു ജയൻ, സീനാ ബിജു, ബാബു മൂട്ടോളി, ജോസ് തോമസ് മാവറ, കെആർഎഫ്ബി എക്സിക്യുട്ടീവ് എഞ്ചിനിയർ പി.ബി. ബൈജു തുടങ്ങിയവർ സംസാരിച്ചു.







