ബസ് തട്ടിത്തെറിപ്പിച്ച സ്കൂട്ടറിലെ യാത്രക്കാരൻ രക്ഷപ്പെട്ടത് അദ്‌ഭുതകരമായി

കാരശ്ശേരി : സ്വകാര്യബസ് തട്ടിയ സ്കൂട്ടറിലെ യാത്രക്കാരൻ രക്ഷപ്പെട്ടത് അദ്‌ഭുതകരമായി. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംസ്ഥാനപാതയിൽ മുക്കം പാലത്തിനടുത്തുവെച്ച് അപകടമുണ്ടായത്. അതിവേഗത്തിൽവന്ന സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീഴുകയും ഒപ്പം സ്കൂട്ടർ ബസ്സിനടിയിലേക്കും വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരൻ കുറേദൂരം മുന്നോട്ട് തെറിച്ചുപോയെങ്കിലും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്ദമംഗലം പത്താംമൈൽ സ്വദേശി നൗഫൽ (35) ആണ് അപകടത്തിൽപ്പെട്ടത്. ക്രഷർ ജീവനക്കാരനായ ഇദ്ദേഹം രാവിലെ ജോലിക്കുപോവുകയായിരുന്നു. പൂർണമായും ബസ്സിനടിയിൽപ്പെട്ട സ്കൂട്ടർ നിശ്ശേഷം തകർന്നു.
മുക്കം ഭാഗത്തുനിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിരേവന്ന ബസാണ് തട്ടിയത്. വളവിൽ അതിവേഗം ഓവർടേക്ക്‌ചെയ്ത ബസ് റോഡിന്റെ പകുതിക്കിപ്പുറം കടന്നപ്പോൾ ഒഴിഞ്ഞുമാറാൻ പെട്ടെന്ന് തിരിക്കാൻശ്രമിച്ചെങ്കിലും മഴനനഞ്ഞറോഡിൽ സ്കൂട്ടർ വഴുതി നിയന്ത്രണംകിട്ടാതെ മുന്നോട്ടുനീങ്ങി. യാത്രക്കാരൻ ബസിന്റെ ചക്രങ്ങൾക്ക് തൊട്ടരികിലൂടെ തെറിച്ച് മുന്നോട്ട് പോവുകയായിരുന്നു. നവീകരണത്തിനുശേഷം എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ നിയന്ത്രണംവിടുന്ന അവസ്ഥയും അപകടങ്ങളും പതിവാണ്. കഴിഞ്ഞയാഴ്ച തൊട്ടടുത്ത മാടാമ്പുറം വളവിൽ സ്വകാര്യബസ് മറികടക്കുമ്പോൾ സ്കൂട്ടറിൽത്തട്ടിയുണ്ടായ അപകടത്തിൽ ഒരു കുട്ടി ബസ്സിനടിയിൽപ്പെട്ട് മരിച്ചിരുന്നു.







