കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന്

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 68-ാമത് വാർഷികാഘോഷവും ദീർഘകാലത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇന്ന് വൈകുന്നേരം 6 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കും. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളബിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്യും. ബാലസാഹിത്യകാരനും കോഴിക്കോട് ഡി.ഡി.ഇയും ആയ മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കണ്ടറി അധ്യാപിക സി.ലിസമ്മ ജോസഫ്, ഹൈസ്കൂൾ അധ്യാപകരായ നിർമ്മല ജോസഫ്, ഡെയ്സി പി.എ എന്നിവർക്കുള്ള ഉപഹാര സമർപ്പണം താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട്ട് നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ തെരുവൻകുന്നേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പൊതുസമ്മേളനത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.






