പുകയിലരഹിതവിദ്യാലയ പ്രഖ്യാപനം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പുകയിലനിയന്ത്രണപരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയിലരഹിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിൽനടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പഞ്ചായത്ത്തല പ്രഖ്യാപനം നടത്തി.
വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ അധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ റംല ചോലക്കൽ പുകയിലരഹിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ലിസി എബ്രഹാം ലഹരിവിരുദ്ധപോസ്റ്റർ പ്രകാശനംചെയ്തു. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ, സ്കൂൾ പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ, പ്രധാനാധ്യാപകൻ സജി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, എം.ജെ. ത്രേസ്യ, സെൽവകുമാർ, മുഹമ്മദ് മുസ്തഫഖാൻ, ലിസമ്മ, പുഷ്പവല്ലി എന്നിവർ സംസാരിച്ചു.







