ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത;
സര്‍വേ ഇന്ന് തുടങ്ങും

തിരുവമ്പാടി: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ മുരളിയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് സ്ഥലത്തെത്തിയത്. സര്‍വേ, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, ട്രാഫിക് സ്റ്റഡി എന്നിവയാണ് സംഘം നടത്തുക. ചൊവ്വാഴ്ച പകല്‍ 12 മണിയോടെ ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ തിരുവമ്പാടിയില്‍ നിന്ന് തിരിക്കുന്ന സംഘം ആനക്കാംപൊയില്‍, മറിപ്പുഴ, സ്വര്‍ഗംകുന്ന് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സര്‍വേ പ്രവര്‍ത്തനങ്ങളടക്കമുള്ള പഠനങ്ങള്‍ നടത്താനായി ക്യുമാക്‌സ് എന്ന കണ്‍സള്‍ട്ടന്‍സിയെയാണ് കെആര്‍സിഎല്‍ ചുമതലപ്പെടുത്തിയത്. സംഘം തിങ്കളാഴ്ചയാണ് കോഴിക്കോടെത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക ലോഞ്ചിംഗ് ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 658 കോടിയുടെ എസ്റ്റിമേറ്റിനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ആനക്കാംപൊയിലിന് സമീപത്തെ സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടുവരി പാതയടങ്ങുന്ന തുരങ്കമാണ് നിര്‍മ്മിക്കുന്നത്. കൂടാതെ തുരങ്കത്തെ ബന്ധിപ്പിച്ച് രണ്ട് വരി സമീപന റോഡും കുണ്ടന്‍തോടില്‍ 70 മീറ്റര്‍ നീളത്തില്‍ രണ്ടുവരി പാലവും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ പി ടി അഗസ്റ്റിന്‍, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ (റോഡ്‌സ്) കെ വിനയരാജ് തുടങ്ങിയവരും സംഘത്തിലുണ്ടാകും.






