അഗസ്ത്യൻമുഴിയിൽ പുതിയ പാലം വരുന്നു

മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ അപകടാവസ്ഥയിലായ അഗസ്ത്യൻമുഴി പാലം പുനർനിർമിക്കുന്നു. അഗസ്ത്യൻമുഴി ബ്രീട്ടീഷ് പാലത്തിന് സമീപത്തെ, ആറുപതിറ്റാണ്ട് പഴക്കമുള്ള പാലമാണ് മൂന്നുകോടി രൂപ ചെലവിൽ പുനർനിർമിക്കുന്നത്. പാലംനിർമാണത്തിന് ഭരണാനുമതി ലഭിച്ചു.
സാങ്കേതികാനുമതി ലഭ്യമാക്കി ഉടനെ ടെൻഡർ നടപടികളിലേക്ക് നീങ്ങുമെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു.
മുക്കം-അഗസ്ത്യൻമുഴി റോഡിൽ അഗ്നിരക്ഷാനിലയത്തിനും മിനി സിവിൽസ്റ്റേഷനും മുൻവശത്താണ് പാലം. 1961-ൽ നിർമിച്ച അഗസ്ത്യൻമുഴി പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുവീണ് ഇരുമ്പുകമ്പികൾ ദ്രവിച്ചനിലയിലാണ്. ഗതാഗത തിരക്കുള്ള പാതയിലെ വീതി കുറഞ്ഞ പാലം കൂടിയാണിത്.
കിലോമീറ്ററിന് നാലുകോടിയോളം രൂപ ചെലവഴിച്ച് എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരിച്ചെങ്കിലും ഇവിടെ പുതിയപാലം നിർമിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. മലയോര മേഖലയിലെ ക്വാറി-ക്രഷർ യൂണിറ്റുകളിൽനിന്നുള്ള ടിപ്പർലോറികൾ ഉൾപ്പെടെ നൂറുകണത്തിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. സംസ്ഥാനപാത വീതികൂട്ടി നവീകരിച്ചതോടെ പാലം ഈ പാതയിലെ കുപ്പിക്കഴുത്തായ അവസ്ഥയായിരുന്നു.
അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്കിനും പാലം കാരണമായിരുന്നു. അതുകൊണ്ടുതന്നെ പാലം പുനർനിർമിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. 1920-കളിൽ ബ്രീട്ടീഷുകാർ നിർമിച്ച പാലത്തിലൂടെയാണ് ബ്രിട്ടീഷുകാരുടെ എസ്റ്റേറ്റുകളിൽനിന്നുള്ള ചരക്ക് കൊണ്ടുപോയിരുന്നത്. കാളവണ്ടി ഗതാഗതത്തിന് പാലം തുറന്നുകൊടുത്തതോടെ മലയോരമേഖലയുടെ വ്യാപാരതലസ്ഥാനമായി മുക്കം മാറി. മുക്കത്തേക്കുള്ള ആദ്യ ബസ് സർവീസായ സിഡബ്ല്യുഎംഎസിന്റെ കരിവണ്ടി സർവീസ് നടത്തിയത് ഈ പാലത്തിലൂടെയാണ്. പുതിയപാലം നിർമിച്ചതോടെ ബ്രിട്ടീഷ് പാലം ചരിത്രത്താളുകളിലേക്ക് മറയുകയായിരുന്നു.
1968-ൽ തൊട്ടടുത്ത് നിർമിച്ച ഈ പാലമാണ് വീതികൂട്ടി പുനർനിർമിക്കാൻ പോകുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
നഗരസഭയെയും കാരശ്ശേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയിലെ മുക്കം പാലം പുനർനിർമിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞദിവസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചിരുന്നു. സംസ്ഥാനപാതയിൽ പാലംനിർമിക്കുന്നത് മൂന്നുകോടി രൂപ ചെലവിൽ







