Kerala

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എം.പ്രസന്നന്‍ അന്തരിച്ചു.

ഇന്ത്യയുടെ മുൻ ഫുട്ബോൾ താരമായ എം.പ്രസന്നൻ (73) അന്തരിച്ചു._

ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ പ്രസന്നൻ 1973-ലാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ജഴ്സിയണിഞ്ഞത്.

1973-ലെ മെൽഡേക്ക ഫുട്ബോൾ ടൂർണമെന്റിൽ പ്രസന്നൻ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടുകെട്ടി. അന്ന് ഇദ്ദേഹത്തെക്കൂടാതെ ചാത്തുണ്ണി,കെ.പി.സേതുമാധവൻ, ഇ.എൻ.സുധീർ എന്നീ മലയാളികളും ടീമിൽ ഇടം നേടിയിരുന്നു.

കോഴിക്കോട് സ്വദേശിയായ പ്രസന്നൻ സെന്റ് ജോസഫ് ബോയ്സ് ഹൈസ്ക്കൂളിന് വേണ്ടി കളിച്ചാണ് ഫുട്ബോൾ കരിയർ ആരംഭിച്ചത്. 1963-ൽ കോഴിക്കോട് ജില്ലാ ഫുട്ബോൾ ടീമിൽ അംഗമായി. പിന്നാലെ എക്സലന്റ് സ്പോർട്സ് ക്ലബ്, യങ് ജെംസ്, യങ് ചലഞ്ചേഴ്സ് ക്ലബ് എന്നീ ഫുട്ബോൾ ക്ലബ്ബുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചു. 1965-66 കാലഘട്ടത്ത് കേരള ജൂനിയർ ഫുട്ബോൾ ടീമിലും 1968-69 വർഷങ്ങളിൽ കേരള സീനിയർ ഫുട്ബോൾ ടീമിലും അംഗമായി.

1970-ലാണ് പ്രസന്നൻ പ്രഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. ടീമംഗവും സുഹൃത്തുമായ കെ.വി ഉസ്മാനൊപ്പം ഗോവയിലെ ഡെംപോ സ്പോർട്സ് ക്ലബ്ബിലാണ് ആദ്യമായി കളിച്ചത്. പ്രസന്നൻ ധരിക്കാറുള്ള ഹെഡ്ബാൻഡും അദ്ദേഹത്തിന്റെ ഹെയർ സ്റ്റൈലും താടിയുമെല്ലാം അന്ന് ആരാധകരുടെ മനം കവർന്നു.

ഡെംപോ ഗോവയിൽ കളിക്കുന്ന സമയത്താണ് അദ്ദേഹത്തിന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള അവസരം ലഭിക്കുന്നത്. പിന്നീട് മുംബൈയിലുള്ള സെൻട്രൽ ബാങ്കിൽ ചേർന്ന് ടീമിന്റെ ക്യാപ്റ്റനായി.കൊൽക്കത്തയിൽ നിന്നുമുള്ള മൂന്ന് വലിയ ക്ലബ്ബുകളുടെ ക്ഷണം നിരാകരിച്ചായിരുന്നു പ്രസന്നൻ സെൻട്രൽ ബാങ്കിനായി ബൂട്ടുകെട്ടിയത്.

സെയ്ഥ് നാഗ്ജി, ചക്കോള ട്രോഫി, ശ്രീ നാരായണ ട്രോഫി, സ്റ്റാഫോർഡ് കപ്പ്, വിഠൽ ട്രോഫി, ബൻഡോഡ്കർ ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റ്, റോവേഴ്സ് കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ അദ്ദേഹം സെൻട്രൽ ബാങ്ക് ഫുട്ബോൾ ടീമിനെ നയിച്ചു.

കരിയറിന്റെ സുവർണ കാലഘട്ടത്തിൽ സന്തോഷ് ട്രോഫിയിൽ കേരളം, മഹാരാഷ്ട്ര, ​ഗോവ എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടാൻ പ്രസന്നന് സാധിച്ചു.

പിന്നീട് പരിശീലകന്റെ കുപ്പായമണിഞ്ഞ പ്രസന്നൻ മഹാരാഷ്ട്രയിലെ ചില ക്ലബ്ബുകളെ പരിശീലിപ്പിച്ചു. വൈകാതെ മഹാരാഷ്ട്ര ജൂനിയർ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തു. ജൂനിയർ ടീം മികച്ച പ്രകടനം കാഴ്ചവെച്ചതോടെ സീനിയർ ടീമിനും അദ്ദേഹം പരിശീലകനായി.

അദ്ദേഹത്തിന്റെ പരിശീലനത്തിന്റെ മികവിൽ ലഖ്നൗവിൽ വെച്ച് നടന്ന സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര രണ്ടാം സ്ഥാനം സ്വന്തമാക്കി.

Related Articles

Leave a Reply

Back to top button