കൂടരഞ്ഞിയിൽ കാറ്റ് മാറി വീശുമോ

തിരുവമ്പാടി : കക്കാടംപൊയിൽ, പൂവാറൻതോട്, ഉറുമി തുടങ്ങി പ്രകൃതിരമണീയപ്രദേശങ്ങളാൽ അനുഗ്രഹീതമായ പഞ്ചായത്താണ് കൂടരഞ്ഞി. മലപ്പുറം ജില്ലയുമായി അതിർത്തിപങ്കിടുന്ന കുടിയേറ്റ കാർഷിക ഗ്രാമമാണിത്. ഇക്കുറി പ്രസിഡന്റ് പദവി വനിതാസംവരണമാണെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, പ്രതിപക്ഷമുന്നണി നേതാക്കളായ ജോണി വാളിപ്ലാക്കൽ, വി.എ. നസീർ തുടങ്ങിയവർ മത്സരരംഗത്തുണ്ട്. ഭരണപക്ഷത്തുനിന്ന് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ബാബു മുട്ടോളി, പ്രതിപക്ഷമുന്നണിയിൽനിന്ന് ബോബി ഷിബുവും വീണ്ടും ജനവിധി തേടുന്നു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലം തറപ്പേലും മത്സരംരംഗത്തുണ്ട്. കുറച്ചുകാലമായി ഒരു മുന്നണിയെയും സ്ഥിരമായി വാഴിക്കാത്ത പഞ്ചായത്താണിത്. കൂമ്പാറയിൽ കോൺഗ്രസിന് വിമതശല്യമൊഴിച്ചു നിർത്തിയാൽ ഭരണം തിരിച്ചുപിടിക്കുകയെ ലക്ഷ്യത്തോടെ യുഡിഎഫ് ഇക്കുറി ഒറ്റക്കെട്ടായാണ് മുന്നേറുന്നത്.ആർജെഡിക്ക് വലിയ വേരോട്ടമുളള വാർഡാണിത്. സിപിഎമ്മുമായി ഇടക്കാലത്തുണ്ടായ പടലപ്പിണക്കങ്ങളെല്ലാം മാറ്റിവെച്ച് ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഒത്തൊരുമയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.സിപിഎം രണ്ടു സ്വതന്ത്രൻ ഉൾപ്പെടെ എട്ടുവാർഡുകളിൽ മത്സരിക്കുന്നു. ആർജെഡി അഞ്ചിടത്തും. കൂടരഞ്ഞി ബ്ലോക്ക് ഡിവിഷനിലും ആർജെഡി മത്സരിക്കുന്നുണ്ട്. സഹകരണബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിലാണ് സ്ഥാനാർഥി. കേരള കോൺഗ്രസ് (എം), സിപിഐ എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു.
യുഡിഎഫിൽ ഒരു പൊതുസ്വതന്ത്ര ഉൾപ്പെടെ കോൺഗ്രസ് 12 സീറ്റിലും മുസ്‌ലിം ലീഗ് രണ്ടുസീറ്റിലും കേരള കോൺഗ്രസ് ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ക്രിസ്ത്യൻ കുടിയേറ്റ മേഖലയിൽ ബിജെപി സജീവമായി രംഗത്തുള്ള പഞ്ചായത്താണിത്.
കൊമ്മ വാർഡിലൊഴികെ എല്ലാ സീറ്റിലും ബിജെപി മത്സരിക്കുന്നുണ്ട്. നിലമ്പൂർ മുൻ എംഎൽഎ, തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിന് സ്വാധീനമുള്ള പഞ്ചായത്തുകൂടിയാണിത്. പീടികപ്പാറയിൽ തൃണമൂൽ കോൺഗ്രസ് സ്വതന്ത്രൻ മത്സരരംഗത്തുണ്ട്. രണ്ടുവാർഡുകളിൽ ആം ആദ്മി പാർട്ടിയും ഒരിടത്ത് എസ്ഡിപിഐയും മത്സരിക്കുന്നു.







