ആരോപണം അടിസ്ഥാനരഹിതമെന്ന് കാരശ്ശേരി ബാങ്ക് ജനറൽ മാനേജർ

മുക്കം : കാരശ്ശേരി ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ബാങ്ക് ജനറൽ മാനേജർ. ജീവനക്കാരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ യൂസർ ഐഡി മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജനറൽ മാനേജർ എം. ധനീഷ് പത്രക്കുറിപ്പിൽ അറിയിച്ചു.
“പുതിയ അംഗങ്ങളെ ചേർത്ത രീതിയാണ് പ്രധാന ആരോപണം നേരിടുന്നത്. കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി സഹകരണനിയമങ്ങളും ചട്ടങ്ങളും പാലിച്ച് ഭരണസമിതി തീരുമാനപ്രകാരം അംഗങ്ങളായവരുടെ വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്നതിനായി ചെയർമാൻ ജനറൽ മാനേജർക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഐടി വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ഡേറ്റ എൻട്രി ചെയ്തിട്ടുള്ളത്.
ഡേറ്റാ ബേസിലേക്കുള്ള പ്രവേശനമടക്കം ഒരു കാര്യത്തിലും സോഫ്റ്റ്‌വേർ കമ്പനി ഉൾപ്പെടെ ആർക്കും ഒരു സ്വാധീനവുമില്ല. ഓരോ ലോഗിൻ സമയത്തും ഒടിപി, മെസേജ് അലർട്ട് തുടങ്ങിയ സുരക്ഷാസംവിധാനങ്ങളുമുള്ള സോഫ്റ്റ്‌വേറാണ് ബാങ്കിന്റേത്. പാസ്‌വേഡ് ഹാക്ക് ചെയ്തെന്ന ആരോപണം തെറ്റാണ്. ഇടപാടുകാരെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പ്രചാരണം” -ജനറൽ മാനേജർ പറഞ്ഞു.







