Mukkam

തദ്ദേശ തിരഞ്ഞെടുപ്പ് : മുക്കത്ത് കൊട്ടിക്കലാശം കളറാക്കിഇടതുമുന്നണി

മുക്കം : പരസ്യപ്രചാരണത്തിന്റെ അവസാന ലാപ്പിൽ, കൊട്ടിക്കലാശം കളറാക്കി ഇടതുമുന്നണി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശം സിരകളിൽ ആവാഹിച്ച് പ്രവർത്തകർ ഒഴുകിയെത്തിയപ്പോൾ മണാശ്ശേരി നഗരം അക്ഷരാർഥത്തിൽ ആവേശക്കടലായി. തുറന്നവാഹനത്തിൽ സ്ഥാനാർഥികളെത്തിയതോടെ ആവേശം ഇരട്ടിയായി. ഡിജെ ഗാനങ്ങളുടെ താളങ്ങൾക്ക് കുട്ടികളും സ്ത്രീകളും ചുവടുവെച്ചപ്പോൾ കാഴ്ചക്കാരിൽ ആവേശം അലതല്ലി. വർണക്കടലാസുകൾ വാനിൽ വിതറി പ്രവർത്തകർ ഓരോ നിമിഷവും ആവേശഭരിതമാക്കി. മുദ്രാവാക്യങ്ങളും നൃത്തച്ചുവടുകളുമായി നേതാക്കൾക്കൂടി പ്രവർത്തകർക്കൊപ്പം ചേർന്നതോടെ ആവേശം അണപൊട്ടി.

ലോക്കൽ കമ്മിറ്റി അടിസ്ഥാനമാക്കി കേന്ദ്രങ്ങൾ നിശ്ചയിച്ചാണ് ഇടതുമുന്നണി കൊട്ടിക്കലാശം നടത്തിയത്.
പ്രധാനകേന്ദ്രങ്ങളിൽ രണ്ടിലധികം സ്ഥാനാർഥികളുടെ കൊട്ടിക്കലാശം ഒരുമിച്ച് നടത്തുന്നതിനൊപ്പം വാർഡ്കേന്ദ്രങ്ങളിലും മുക്കത്തും കൊട്ടിക്കലാശം നടത്തിയിരുന്നു. കൊട്ടിക്കലാശം പേരിനുമാത്രമാക്കി, ആ സമയം വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു യുഡിഎഫും എൻഡിഎയും. മുക്കം നഗരസഭയിലെ ശ്രദ്ധാകേന്ദ്രമായ ചേന്ദമംഗല്ലൂരിൽ വെൽഫെയർ പാർട്ടി കൊട്ടിക്കലാശം നടത്തിയിരുന്നു.

സംഘർഷസാധ്യത ഒഴിവാക്കാൻ മുന്നണികൾക്ക് മുക്കം നഗരത്തിൽ പോലീസ് സ്ഥലംനിശ്ചയിച്ച് നൽകിയിരുന്നു. ആറുമണിവരെ കൊട്ടിക്കലാശത്തിന് സമയം അനുവദിച്ചിരുന്നെങ്കിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലെ ധാരണപ്രകാരം അഞ്ചുമണിയോടെ കൊട്ടിക്കലാശം സമാപിച്ചു.

Related Articles

Leave a Reply

Back to top button