ലോറി കുടുങ്ങി താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടത് എട്ടുമണിക്കൂർ

അടിവാരം : താമരശ്ശേരി വയനാടുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന പന്ത്രണ്ടുചക്ര ചരക്കുലോറി യന്ത്രത്തകരാറിനെത്തുടർന്ന് ഹെയർപിൻ വളവിൽ കുടുങ്ങിയതോടെ താമരശ്ശേരി ചുരംപാതയിൽ അനുഭവപ്പെട്ടത് എട്ടുമണിക്കൂർ നീണ്ട ഗതാഗത തടസ്സം. ചുരമിറങ്ങവേ ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ ഏഴാം ഹെയർപിൻവളവിൽ നിന്നുപോയ ലോറി യന്ത്രത്തകരാർ പരിഹരിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് വളവിന് നടുവിൽനിന്ന് മാറ്റാനായത്. ഒറ്റവരിയായി മാത്രമാണ് വാഹനങ്ങൾക്ക് അത്രയും നേരം ഇതുവഴി കടന്നുപോവാനായത്. വാഹനബാഹുല്യവും ട്രാഫിക്‌നിയമങ്ങൾ പാലിക്കാനുള്ള മര്യാദ പ്രകടിപ്പിക്കാത്ത ചില യാത്രക്കാരുടെ വരിതെറ്റിച്ചുള്ള സഞ്ചാരവും കൂടിയായതോടെ ഭാഗികതടസ്സം, പലപ്പോഴും പൂർണഗതാഗതസ്തംഭനമായി. നാലാംവളവിൽ നിർത്തിയിട്ട കർണാടക ബസ് പിന്നോട്ട് നീങ്ങി കാറിലും ഈ കാർ ഒരു ലോറിയിലും തട്ടി.
വാഹനനിര കിലോമീറ്ററുകളോളം നീണ്ട് ലക്കിടിമുതൽ ചിപ്പിലിത്തോട് ജങ്ഷൻ വരെയെത്തി. എസ്‌ഐ ശ്രീനിവാസന്റെ നേതൃത്വത്തിൽ അടിവാരം ഔട്ട്‌പോസ്റ്റ് പോലീസും, എസ്‌ഐ മനോജിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഹൈവേ പോലീസും ചുരം സംരക്ഷണസമിതിയംഗങ്ങളും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.







