Kerala

സംസ്ഥാനത്ത് സ്‌കൂളുകൾ ജനുവരി ഒന്നിന് തുറക്കും; മാർഗ്ഗനിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ജനുവരി ആദ്യവാരത്തിൽ തന്നെ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെ മാർഗ്ഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. 50 ശതമാനം കുട്ടികളെയാണ് ക്ലാസുകളിൽ അനുവദിക്കുക. 10, 12 ക്ലാസ്സുകളിൽ 300ലധികം കുട്ടികളുള്ള സ്‌കൂളുകളിൽ 25 ശതമാനം പേരെയാണ് ഒരേ സമയം അനുവദിക്കുകയുള്ളൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ജനുവരി ആദ്യവാരത്തിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഒരേ സമയം 50 ശതമാനം കുട്ടികളാണ് സ്‌കൂളുകളിൽ ഉണ്ടാകുക. 10,12 ക്ലാസ്സുകളിൽ 300 ലധികം കുട്ടികളുള്ള സ്‌കൂളുകളിൽ 25 ശതമാനം കുട്ടികളെയാണ് ഒരു ദിവസം അനുവദിക്കുക.

സ്‌കൂളുകളിൽ ആദ്യത്തെ ആഴ്ചയിൽ രാവിലെയും ഉച്ചയ്ക്കും രണ്ട് ഘട്ടമായി 3 മണിക്കൂർ വീതമാണ് ക്ലാസ്സുകൾ നടത്തേണ്ടത്. സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കാത്തവർക്ക് സാമൂഹ്യ മാധ്യമങ്ങൾ വഴി ക്ലാസ്സുകൾ നൽകണം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമെങ്കിൽ വീട്ടിൽ ചെന്ന് പഠന പിന്തുണ നൽകണം.

അതേസമയം, സ്‌കൂളുകളിൽ മാസ്‌ക്, സാനിറ്റൈസർ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവ സജ്ജീകരിക്കണം. കുട്ടികൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുവാനോ, ഭക്ഷണം, വെള്ളം എന്നിവ പങ്കു വെയ്ക്കാനോ പാടില്ല. ക്ലാസ് മുറികളുടെ വാതിലുകൾ, കൈപ്പിടി, ഡെസ്‌ക്, ഡസ്റ്റർ എന്നിവ 2 മണിക്കൂർ കൂടുമ്പോൾ അണുനശീകരണം നടത്തണം. സ്‌കൂളുകളിൽ ആരോഗ്യ പരിശോധനാ സൗകര്യം ഒരുക്കണം.

എല്ലാ സ്‌കൂളുകളിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ കൊവിഡ് സെൽ രൂപീകരിക്കാനും നിർദ്ദേശമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ വിക്ടേഴ്‌സ് ചാനൽ വഴിയാണ് സംസ്ഥാനത്ത് ക്ലാസ്സുകൾ നടന്നിരുന്നത്.

Related Articles

Leave a Reply

Back to top button