മുക്കത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപ്പിടിത്തം

മുക്കം : മുക്കം നഗരത്തിലെ കുട്ടികൾക്കുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപ്പിടിത്തം. ബസ് സ്റ്റാൻഡിന് സമീപത്തെ ‘പത്രാസ്’ എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. തീപ്പിടിത്തത്തിൽ കടയിലുണ്ടായിരുന്ന വസ്ത്രങ്ങൾ പൂർണമായും അഗ്നിക്കിരയായി. കാരമൂല സ്വദേശി പഴങ്കോട് ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ സമീപത്തെ കടയിലേക്ക് തീ പടരുന്നത് തടയാനായി.
മുക്കം അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള രണ്ട് യൂണിറ്റ് സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവാക്കാനായി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി. മനോജ്, എൻ. രാജേഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എം.സി. സജിത്ത് ലാൽ, എ.എസ്. പ്രദീപ്, മുഹമ്മദ് ഷനീബ്, വൈ.പി. ഷറഫുദ്ദീൻ, ആർ. മിഥുൻ, ജിതിൻ, കെ.എസ്. ശരത്, ഹോംഗാർഡുമാരായ ടി. രവീന്ദ്രൻ, ജോളി ഫിലിപ്, ടോണി വർഗീസ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.







