തിരുവമ്പാടിയിൽ എൽ.ഡി.എഫ് യു.ഡി.എഫ് സംഘർഷം; യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവമ്പാടി : തിരുവമ്പാടിയിൽ പോളിംഗ് പുരോഗമിക്കുന്നതിനിടെ പോളിംഗ് ബൂത്തിന് പുറത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നാരോപിച്ച് യു ഡി എഫ് പ്രവർത്തകരും എൽ ഡി എഫ് പ്രവർത്തകരും തമ്മിൽ സംഘർഷം. വാക്കേറ്റത്തിൽ തുടങ്ങി കയ്യാങ്കളിയിൽ എത്തിയപ്പോൾ ഇടപെടാൻ ശ്രമിച്ച പോലീസുകാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അജ്മൽ യു.സിയെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തു.
എന്നാൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല എന്നും, വോട്ടർമാരെ പോളിംഗ് സ്റ്റേഷനിലേക്ക് എത്തിക്കാൻ സഹായിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും, സംഘർഷമുണ്ടാക്കാൻ ശ്രമിച്ച എൽ.ഡി.എഫ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാതെ അജ്മൽ യു.സിയെ മാത്രം കസ്റ്റഡിയിലെടുത്തത് അന്യായമാണെന്നും, അനാവശ്യമായി അജ്മലിന്റെ വാഹനം തടഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമിച്ച എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും, അജ്മലിനെ ഉടൻ തന്നെ വിട്ടയച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചപ്പോൾ അത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നാണ് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്.
സംഘർഷത്തെത്തുടർന്ന് യുഡിഎഫ് സ്ഥാനാർത്ഥി സിപി ചെറിയ മുഹമ്മദ് സ്ഥലത്തെത്തിയിരുന്നു.







