പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി

കോടഞ്ചേരി: കോടഞ്ചേരി- നെല്ലിപ്പൊയിൽ വില്ലേജുകളുടെ അതിർത്തി പുനർനിർണ്ണയിക്കാനുള്ള റവന്യു വകുപ്പിൻ്റെ നടപടികളിൽ പ്രതിക്ഷേധിച്ച് കേരള കോൺഗ്രസ് (എം) നെല്ലിപ്പൊയിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കോടഞ്ചേരി വില്ലേജിൻ്റെ വനാതിർത്തി പങ്കിടുന്ന മരുതിലാവ്, ചിപ്പിലിത്തോട്, തുഷാരഗിരി, കിന്നരിത്തോട് പ്രദേശങ്ങളെ നെല്ലിപ്പൊയിൽ വില്ലേജിലേക്ക് ചേർക്കുവാനും നെല്ലിപ്പൊയിൽ വില്ലേജിൽ ഉൾപ്പെട്ടിരിക്കുന്ന മഞ്ഞുവയൽ, തോട്ടുമുഴി, മുറംപാത്തി പ്രദേശങ്ങളെ അടർത്തിമാറ്റി കോടഞ്ചേരി വില്ലേജിലേക്ക് മാറ്റി ഭൂമാഫിയകൾക്ക് പ്രയോജനപ്പെടുത്തുവാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു.
വന്യമൃഗശല്യവും കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയും മൂലം കഷ്ടത അനുഭവിക്കുന്ന കർഷകരുടെ ഭൂമിയും കിടപ്പാടവും സംരക്ഷിക്കുവാൻ കേരള കോൺഗ്രസ് കക്ഷി രാഷ്ട്രീയങ്ങൾക്ക് അധീതമായി പ്രവർത്തിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ജോസ് ഐരാറ്റിൽ അധ്യക്ഷത വഹിച്ച ധർണ്ണ സമരത്തിൽ ജോസഫ് വണ്ടൻമക്കൽ മുഖ്യ പ്രഭാഷണം നടത്തി. റ്റിറ്റി പേക്കുഴിയിൽ, ജസ്റ്റിൻ കരിനാട്ട്, മാത്യു കൊരട്ടിക്കര, ജോസഫ് കളപ്പുര, തോമസ് മൂത്തേടം എന്നിവർ പ്രസംഗിച്ചു. ബാബു മൂത്തേടം, ജിജി ഐരാറ്റിൽ,ചാണ്ടി തറപ്പേൽ, ഇഗ്‌നേഷ്യസ് പാണ്ടിപ്പള്ളിൽ, ജോണി കുന്നത്തേട്ട്, ജോസഫ് വയലിൽ എന്നിവർ നേതൃത്വം നൽകി.







