കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായിട്ടുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തി.
കാർഷിക മേഖലക്കും ക്ഷീരമേഖലയ്ക്കും മുൻതൂക്കം നൽകി പഞ്ചായത്ത് ഇതുവരെ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്നതിനും വയോജന ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജീവിതശൈലി രോഗങ്ങൾക്കും മയക്കുമരുന്നുകൾക്കും എതിരെ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള വിവിധ പദ്ധതികൾക്ക് രൂപം നൽകി.
പഞ്ചായത്തിന്റെ അധീനിലുള്ള വിവിധ സ്ഥാപനങ്ങളുടെ നവീകരണത്തിനും കുടിവെള്ള ലഭ്യത എല്ലാവർക്കും ഉറപ്പുവരുത്തുന്നതിനും എല്ലാ വാർഡുകളിലും ഗ്രാമസഭകൾ സംഘടിപ്പിക്കും എന്നും, പഞ്ചായത്ത് തലത്തിൽ കോടഞ്ചേരി ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനും നിർദ്ദേശം ഉണ്ടായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സീനത്ത് കെ വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ വിൻസെന്റ് വടക്കേമുറി, മിനി സണ്ണി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ബ്ലോക്ക് മെമ്പർ സണ്ണി കാപ്പാട് മല, വാർഡ് മെമ്പർമാരായ റൂബി തമ്പി, ബേബി വളയത്തിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ എന്നിവർ സംസാരിച്ചു.







