Mukkam

കൃഷിയനുഭവങ്ങൾ തേടി വിദ്യാർത്ഥികൾ

മുക്കം: കരുത്തുള്ള തൈയൊരുക്കാൻ വിത്ത് ട്രേകളിൽ ചകിരിച്ചോർ മിശ്രിതം നിറച്ച് വിത്ത് നടുന്നത് തൊട്ട് വിളവെടുപ്പ് വരെ കൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ട് കണ്ട് പഠിക്കാനും ചെയ്ത് പരിശീലിക്കാനും കൃഷി പാഠമൊരുക്കി കാർഷിക ക്ലബ്.മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം മുസ്‌ലിം ഓർഫനേജ് ഗേൾസ് സ്കൂളിലെ കാർഷിക ക്ലബ്ബാണ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ ഷിഫാനയുടെ പിതാവും കർഷകനുമായ എം.യു മുഹമ്മദ്‌ ശരീഫിന്റെ കൃഷിയിടത്തിലേക്ക് പഠന യാത്ര ഒരുക്കിയത്.

താഴെ തിരുവമ്പാടി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പതിനൊന്നാം വാർഡ് പരിധിയിലുള്ള വാപ്പാട്ട് വയലിലാണ് പയർ, കക്കിരി, പച്ചമുളക്, വഴുതിന, മത്തൻ, വാഴ തുടങ്ങിയ വൈവിദ്ധ്യമാർന്ന വിളകൾ ഒന്നരയേക്കർ സ്ഥലത്ത് പടർന്നു പന്തലിച്ച് നിൽക്കുന്നത്.കൃഷി തല്പരരായ വിദ്യാർത്ഥികൾക്ക് അറിവിന്റെ വിരുന്നായി യാത്ര മാറി. കൃഷി അനുഭവങ്ങൾ പങ്കുവെക്കുന്ന സെഷൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതേഷ് പല്ലാട്ട് ഉദ്ഘാടനം ചെയ്തു.

നൂറ്റാണ്ട് മുൻപ് തെക്കുനിന്ന് കൃഷി ഭൂമി തേടി വന്ന് കിഴക്കൻ മലയോര മേഖലയെ കൃഷികൊണ്ട് നിറച്ച കുടുംബത്തിലെ ഇളം തലമുറക്കാരനായ തനിക്ക് കൃഷി ചെയ്യുന്നവരോട് വലിയ ഇഷ്ടമാണെന്നും ഓരോ മണി അരിയും പകപ്പെടുത്താൻ മണ്ണിലേക്ക് വിയർപ്പൊഴുക്കിയ കർഷകരെ നമ്മൾ ഓർക്കേണ്ടതുണ്ടെന്നും പുതിയ തലമുറ കൃഷിയിൽ കൂടുതൽ താല്പര്യം കാണിക്കണമെന്നും പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു.വാർഡ് മെമ്പർ സ്മിത ബാബു ആധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷിയിലൂടെ ഭക്ഷണവും ആരോഗ്യവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
ജെ.എച്ച്.ഐ ഗിരീഷ്, സീനിയർ അധ്യാപിക കദീജ കൊളപ്പുറം, എൻ.കെ ലിന, മുതിർന്ന കർഷകൻ ആമക്കാട് ജോയി, കർഷകരായ ശരീഫ്, ഹംസ, ഷാഫി തുടങ്ങിയവർ സംസാരിച്ചു.

കൃഷിയിടത്തിലെ കാഴ്ചകൾക്കിടയിൽ വിദ്യാർത്ഥികൾ ചോദിച്ച സംശയങ്ങൾക്ക് കൃഷിയുടമ മറുപടി നൽകി. ജൈവ വളം തയ്യാറാക്കുന്ന രീതിയും, ജലസേചനവും, കായ് പറിച്ചു കഴിഞ്ഞ വഴുതിനയിൽ പുതിയ കമ്പ് വെച്ച് പിടിപ്പിക്കുന്ന ആധുനിക രീതിയും അദ്ദേഹം വിശദമാക്കി.
വാപ്പാട്ടെ കൃഷി ഭൂമിക്ക് പുറമെ മുക്കം നഗരസഭ പരിധിയിൽ തോട്ടത്തിൻ കടവ് പയ്യൂളിയിലും ഇദ്ദേഹത്തിന് കൃഷിയുണ്ട്. തിരുവമ്പാടി കൃഷി ഭവൻ ഓഫീസർ മുഹമ്മദ്‌ ഫാസിൽ വി.എസും മുക്കം കൃഷി ഭവൻ ഓഫീസർ ടിൻസിയും കൃഷി പാഠം പോഗ്രാമിന് ഓൺ ലൈൻ ആശംസകൾനേർന്നു.
ക്ലബ് കോഓർഡിനേറ്റർ ടി റിയാസ് സ്വാഗതവും ക്ലാസ് ടീച്ചർ നസീഹ മുസ്തഫ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button