മതത്തെ ഉപകരണമാക്കുന്നവരെ ചെറുക്കേണ്ടത് വിശ്വാസികൾ; എം.വി. ഗോവിന്ദൻ

മുക്കം : വിശ്വാസികളാരും വർഗീയവാദികളല്ലെന്നും വർഗീയവാദികൾക്ക് വിശ്വാസമില്ലെന്നും വിശ്വാസത്തെയും മതത്തെയും ഉപകരണമാക്കി രാഷ്ട്രീയാധികാരത്തിലേക്ക് പ്രവേശിക്കുന്നവരെ പ്രതിരോധിക്കേണ്ടത് വിശ്വാസികൾതന്നെയാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും കാസയും കേരളത്തിൽ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വിഷംചീറ്റുന്ന വർഗീയതയെ പ്രതിരോധിക്കാൻ കേരളത്തിൽ ഇടതുപക്ഷത്തിനേ സാധിക്കൂയെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന വികസന മുന്നേറ്റജാഥയ്ക്ക് ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുംപറയാൻ ഒരു മടിയുമില്ലാത്ത കുറെ ആളുകൾ കോൺഗ്രസിലുണ്ട്. നാലുവോട്ട് കിട്ടാൻ എന്തുംചെയ്യാൻ മടിയില്ലാത്ത കൂട്ടരായി കോൺഗ്രസ് മാറിയെന്നും ബി.ജെ.പി.ക്കുവേണ്ടി വോട്ടുപിടിച്ച ലീഗുകാർ കേരളത്തിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ ഭൂതകാലം അടിമതുല്യജീവിതം നയിച്ചവരുടെ കാലമാണ്. മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തിയ ബ്രാഹ്മണ്യത്തിന്റെ കെട്ട കാലം. ആ ചരിത്രം മാറ്റിയത് ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടമാണെന്നും ഇത് മറച്ചുപിടിച്ചാണ് ബി.ജെ.പി.യും ആർ.എസ്.എസും പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരു വർഗീയകലാപംപോലും കേരളത്തിൽ ഉണ്ടായിട്ടില്ല. വർഗീയതയെ പ്രതിരോധിച്ചില്ലെങ്കിൽ കേരളമുണ്ടാകില്ല. കഴിഞ്ഞ പത്തുവർഷമായി കേന്ദ്രം കേരളത്തിന് എതിരാണ്. 22 പ്രധാന പദ്ധതികൾ ആവശ്യപ്പെട്ടപ്പോൾ ബജറ്റിൽ ലഭിച്ചത് ആമയും ആമമുട്ടയും മാത്രമാണ്. കേരളത്തിന് അർഹതപ്പെട്ട രണ്ടരലക്ഷം കോടിരൂപ കേന്ദ്രം തരാതിരുന്നിട്ടും സംസ്ഥാനം പ്രതിരോധിച്ച് മുന്നോട്ടുപോവുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ ഭൂപടത്തിൽ കേരളമില്ലെങ്കിലും കേരളത്തെ ലോകത്തിനുമുന്നിൽ അടയാളപ്പെടുത്തുമെന്നും നേട്ടങ്ങൾക്ക് പിന്നിൽ 1957 മുതലുള്ള ഇടത് സർക്കാരുകളുടെ കാഴ്ചപ്പാടും തന്റേടവുമാണെന്നും അദ്ദേഹം പറഞ്ഞു
സ്വീകരണയോഗത്തിൽ ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ്, കെ.എസ്. സലീഖ, പി. സന്തോഷ് കുമാർ, മാത്യു കുന്നപ്പള്ളി, പി.പി. ദിവാകരൻ, പി.എ. സുരേഷ് ബാബു, ബാബു ഗോപിനാഥ്, വടക്കോട് മോനിച്ചൻ, മനയത്ത് ചന്ദ്രൻ, നൈസ് മാത്യു, കാസിം ഇരിക്കൂർ, പി. ഗവാസ്, വി. കുഞ്ഞാലി, ടി.എം. ജോസഫ്, കെ. മോഹനൻ, വി.കെ. വിനോദ്, ടി. വിശ്വനാഥൻ, മുക്കം മുഹമ്മദ്, ടാർസൻ ജോസ്, പി.എം. തോമസ്, വി. വസീഫ്, എം.കെ. ഭാസ്കരൻ, സലീം മടവൂർ, ജെ.എൻ. പ്രേംഭാസൻ, പി.കെ. അബ്ദുൾ നാസർ, അബ്ദുള്ള കുമാരനെല്ലൂർ, ഇ.പി. ബാബു തുടങ്ങിയവർ സംസാരിച്ചു.







