തിരുവമ്പാടി ഗവ: ഐ ടി ഐ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ഇന്ന്

2010ൽ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് തിരുവമ്പാടിയിൽ പ്രവർത്തനമാരംഭിച്ച ഗവ: ഐ ടി ഐക്ക് വർഷങ്ങൾക്കിപ്പുറം സ്വന്തമായി കെട്ടിടമൊരുങ്ങുന്നു.
കെട്ടിടം പ്രവർത്തി ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് പൈനാടത്ത് ലിറ്റിൽ ഫ്‌ളവർ ഓഡിറ്റോറിയത്തിൽ വച്ച് എം എൽ എ ജോർജ് എം തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തൊഴിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിക്കും. തുടക്കം മുതൽ വാടക കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിൽ പ്രവർത്തി്ക്കുന്ന ഐ ടി ഐക്ക് പുതിയ കെട്ടിടമൊരുങ്ങുന്നതോടെ ഏറെ നാളുകളായുള്ള ആഗ്രഹമാണ് സഫലമാവുന്നത്.
2019 ജനുവരി 25ലെ സർക്കാർ ഉത്തരവ് പ്രകാരം 6.75 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 2020 നവംബറിൽ സാങ്കേതികാനുമതിയും ലഭിച്ചു. 2025 ച.മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് മൂന്ന് നിലകളാണുള്ളത്. ഗ്രൗണ്ട് ഫ്‌ളോറിൽ പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്ക് ഷോപ്പുകൾ, സ്റ്റാഫ് റൂം, സ്‌റ്റോർ റൂം എന്നിവയും ഒന്നാം നിലയിൽ 3 വ്യത്യസ്ത ട്രേഡുകൾക്കുള്ള വർക്ക് ഷോപ്പുകളും, രണ്ടാം നിലയിൽ വിർച്വൽ ക്ലാസ് റൂം, ഡ്രോയിംഗ് ഹാൾ എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ എല്ലാ നിലയിലും വരാന്തയും പ്രവേശന ലോബിയും എല്ലാ നിലയിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും തയ്യാറാക്കും. പൊതുമരാമത്ത വകുപ്പ് ആർകിടെക്ട് വിഭാഗമാണ് ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ രൂപകൽപന നടത്തിയിട്ടുള്ളത്.







