ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശാസ്ത്രമേള 21ന്

ആനക്കാംപൊയിൽ: നാഷണൽ സയൻസ് ഡേ യോടനുബന്ധിച്ച് ആനക്കാംപൊയിലുള്ള മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഫെബ്രുവരി 21ന് (ഇന്ന്) ശാസ്ത്രമേള സംഘടിപ്പിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിതിൻ പല്ലാട്ട് മേള ഉദ്ഘാടനം ചെയ്യും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. മനോജ് വാഴപ്പറമ്പിൽ, ഫാദർ അഗസ്റ്റിൻ പാറ്റാണിയിൽ, പി.ടി.എ പ്രസിഡന്റ് ശ്രീ. ജിമ്മി ചാക്കോ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്വർണ്ണലതയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കുന്ന ശാസ്ത്രമേള, വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും സൃഷ്ടിപരമായ കഴിവുകളും പ്രകടിപ്പിക്കുന്ന വേദിയാകും.
റോക്കറ്റ് വിക്ഷേപണത്തിന്റെ മാതൃക, റോബോട്ട് പ്രദർശനം, എയ്റോപ്ലെയിൻ എക്സ്പോ, പാരച്ചൂട്ട് പരീക്ഷണങ്ങൾ, ആനക്കാംപൊയിൽ തുരങ്കപാതയുടെ മാതൃക, നിത്യഹരിത നോവൽ കഥാപാത്രങ്ങളുടെ അവതരണം തുടങ്ങിയവ മേളയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.വിദ്യാഭ്യാസ രംഗത്ത് ശാസ്ത്രബോധവും നവീന ആശയങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്രമേള, പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ശ്രദ്ധേയമായ അനുഭവമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.







