തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും അവാർഡ് തിളക്കം; ‘ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ’ പദവി നേടി

തിരുവമ്പാടി:തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ പദവി നേടി.സംസ്ഥാനത്ത് ആൻറിമൈക്രാബിയൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ അവാർഡ് പ്രഖ്യാപിച്ചത്.
ആൻറിബയോട്ടിക് സ്മാർട്ട് ആകാൻ നിഷ്കർഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട് എന്നത് സ്ഥാപനതലത്തിലും ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും വിലയിരുത്തിയ ശേഷമാണ് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ചത്. രണ്ടു വർഷത്തേക്കാണ് ഈ നേട്ടം.ആന്റിബയോട്ടിക് സാക്ഷര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന ആശയം കേരള ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിൻ്റെ (കർസാപ്) ഭാഗമായി രൂപീകരിച്ചിരുന്നു. ഇതിനായി സമഗ്രമായ ഒരു പ്രവർത്തന മാർഗരേഖ സംസ്ഥാനം പുറത്തിറക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രി കൾക്കും ആൻ്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾക്കും രൂപം നൽകിയത്.
ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അഥവാ രോഗത്തിന് കാരണമാകുന്ന, പ്രത്യേകിച്ച് ബാക്ടീരിയ മരുന്നുകളോട് പ്രതിരോധം തീര്‍ക്കുന്ന അവസ്ഥ ആഗോള ആരോഗ്യ ഭീഷണിയാണ്.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ആൻറി മൈക്രോ റെസിസ്റ്റൻസ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നുണ്ട്. കുടുംബശ്രീ, ഐ സി ഡി എസ് , മെഡിക്കൽ ഷോപ്പുകൾ,വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കുന്നു.







