Thiruvambady

ജൈവകർഷകർക്കുള്ള അക്ഷയശ്രീ അവാർഡ്: സംസ്ഥാന പുരസ്കാരത്തിളക്കത്തിൽ വനിതാകർഷകർ

തിരുവമ്പാടി : സംസ്ഥാനത്തെ മികച്ച ജൈവകർഷകർക്കുള്ള സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ അക്ഷയശ്രീ അവാർഡിന് കൊടുവള്ളി ബ്ലോക്കിലെ കൂടരഞ്ഞി പഞ്ചായത്തിലെ ജിഷ ബാലകൃഷ്ണൻ നമ്പ്യാരും, കട്ടിപ്പാറ പഞ്ചായത്തിലെ എൻ. ഹന്നത്തും അർഹരായി.

മികച്ച ഫാം ടൂറിസം സംരംഭകയായ ജിഷ ബാലകൃഷ്ണൻ പൂവാറൻതോട് ഗ്രാമത്തിൽ 3.5 ഏക്കർ സ്ഥലത്ത് ജാതി, കുരുമുളക്, പച്ചക്കറികൾ എന്നിവ ജൈവരീതിയിൽ കൃഷിചെയ്തുവരുന്നു. ഈ കൃഷിഭൂമിക്ക്‌ ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. കൂടാതെ കുടുംബത്തിന്റെ പത്തേക്കർ ഫാമിൽ സമ്മിശ്രകൃഷികളും ഒപ്പം ഫാം ടൂറിസവും വിജയകരമായി നടപ്പാക്കിവരുന്നു. വിളവെടുത്തശേഷം മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാർചെയ്ത് വിപണനം ചെയ്യുന്നുണ്ട്. ഉത്തരവാദിത്വ ടൂറിസം മിഷന്റെയും, കോഴിക്കോട് അഗ്രോ ഫാം ടൂറിസം പദ്ധതിയുടെയും ഭാഗമായി ഒട്ടേറെപ്പേർ ഫാം സന്ദർശിക്കാറുണ്ട്.

മികച്ച ആരോഗ്യപാചകവിദഗ്ധയായ ജിഷയ്ക്ക് ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾക്കുള്ള അന്താരാഷ്ട്ര ഐ.സി.ആർ.ടി. പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വീടിനോടുചേർന്ന് വിനോദസഞ്ചാരികൾക്കായി വനിതാസൗഹൃദ ഹോം സ്റ്റേ സൗകര്യവുമൊരുക്കിയിട്ടുണ്ട് ഇവർ. 10,000 രൂപയും ഉപഹാരവും സർട്ടിഫിക്കറ്റുമടങ്ങുന്ന പ്രോത്സാഹന അവാർഡാണ് ലഭിച്ചത്.

Related Articles

Leave a Reply

Back to top button