Thiruvambady

അലയൻസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചു; തിരുവമ്പാടി ചാപ്റ്ററിന് ഇരട്ട നേട്ടം

തിരുവമ്പാടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 224-ന്റെ വാർഷിക അവാർഡുകളിൽ ശ്രദ്ധേയ നേട്ടവുമായി തിരുവമ്പാടി ചാപ്റ്റർ. കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്റ്റിലെ മികച്ച രണ്ടാമത്തെ ക്ലബ്ബിനുള്ള (റണ്ണർ-അപ്പ്) പുരസ്കാരം ചാപ്റ്റർ സ്വന്തമാക്കി. മികച്ച സെക്രട്ടറിക്കുള്ള അവാർഡിന് തിരുവമ്പാടി ചാപ്റ്ററിലെ ജെഫ്രിൻ ജോസ് അർഹനായി.

തലശ്ശേരിയിൽ നടന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഡിസ്ട്രിക്റ്റ് ഗവർണറിൽ നിന്നും ക്ലബ്ബ് ഭാരവാഹികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പ്രസിഡന്റ് അമൽ ടി. ജെയിംസ്, സെക്രട്ടറി ജെഫ്രിൻ ജോസ്, ട്രഷറർ ബോണി ജേക്കബ്, മാനുവൽ ജോസഫ് എന്നിവർ ചേർന്നാണ് അവാർഡുകൾ സ്വീകരിച്ചത്. നിയുക്ത ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ കെ.ടി. സെബാസ്റ്റ്യൻ, മെർലോ കോഡിനേറ്റർ സണ്ണി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അവാർഡ് നേട്ടത്തിന് പിന്നാലെ വരും വർഷത്തേക്കുള്ള ഡിസ്ട്രിക്റ്റ് ഭാരവാഹികളായി തിരുവമ്പാടി ചാപ്റ്ററിൽ നിന്നുള്ള പ്രതിനിധികളെയും തെരഞ്ഞെടുത്തു. കെ.ടി. സെബാസ്റ്റ്യൻ ഡിസ്ട്രിക്റ്റ് വൈസ് ഗവർണറായി, അമൽ ടി. ജെയിംസ് ഡിസ്ട്രിക്റ്റ് ചെയർമാനായി, സണ്ണി തോമസ് മെർലോ (MERLO) ആയി തിരഞ്ഞെടുക്കപ്പെട്ടു.

മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക സേവന രംഗത്തും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരങ്ങൾ ലഭിച്ചതെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. അവാർഡ് ജേതാക്കളെയും പുതിയ ഭാരവാഹികളെയും അലയൻസ് ക്ലബ്ബ് തിരുവമ്പാടി ചാപ്റ്റർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button