Thiruvambady

കാളിയാമ്പുഴ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

തിരുവമ്പാടി : നാടിനെ നടുക്കിയ കെ.എസ്.ആർ.ടി.സി. ബസ്സപകട ദുരന്തസ്മരണയ്ക്കുമേൽ കാളിയാമ്പുഴയിൽ പുതിയപാലം യാഥാർഥ്യമായി. പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. മലയോര കുടിയേറ്റമേഖലയിലെ ഏറ്റവും തിരക്കേറിയ പാതയായ തിരുവമ്പാടി-പുല്ലൂരാംപാറ റോഡിലെ കാളിയാമ്പുഴയിൽ 2024 ഒക്ടോബർ എട്ടിനാണ് രണ്ട് സ്ത്രീകൾ മരിക്കുകയും 35 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത ബസ് ദുരന്തമുണ്ടായത്. നിറയെ യാത്രക്കാരുമായി തിരുവമ്പാടി ഭാഗത്തേക്ക് വരുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിക്കുകയായിരിന്നു.

നിർമാണത്തിലിരിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സമീപനറോഡാണിത്. തിരുവമ്പാടി-മറിപ്പുഴ റോഡിൽ പുല്ലൂരാംപാറ പള്ളിപ്പടിക്ക്‌ ഇപ്പുറത്താണ് കാളിയാമ്പുഴ പാലമുള്ളത്. കാലപ്പഴക്കംചെന്ന് ജീർണാവസ്ഥയിലായ പാലത്തിന്റെ കൈവരി തകർത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കാളിയാമ്പുഴ പാലം പുനർനിർമിച്ചത്. 108.314 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതി 10 മീറ്റർ വീതിയിൽ ആധുനികസൗകര്യങ്ങളോടെയാണ് നവീകരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് നിർവഹണം നടത്തുന്ന പദ്ധതിയുടെ നിർമാണക്കാലാവധി രണ്ടുവർഷമാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസെറ്റിയാണ് കരാറുകാർ. മലയോര ഹൈവേയുമായും അരിപ്പാറ ഉൾപ്പെടെ മലയോരത്തെ വിനോദസഞ്ചാരമേഖലകളുമായും ബന്ധിപ്പിക്കുന്ന പാലമാണിത്. പാലത്തിന്റെ നിർമാണപ്രവൃത്തികാരണം ഏറെ ചുറ്റിവളഞ്ഞു മണിക്കൂറോളമെടുത്താരുന്നു സമീപപ്രദേശങ്ങളിലെ സ്കൂൾ വിദ്യാർഥികളടക്കം യാത്രചെയ്തിരുന്നത്. പാലം ഗതാഗത്തിന് തുറന്നുകൊടുത്തതോടെ വലിയ ആശ്വാസമായി.

Related Articles

Leave a Reply

Back to top button