റൂബി ജൂബിലി മാരത്തോൺ;ബാംഗ്ലൂർ സ്വദേശി രാജേഷ് കുമാർ ഒന്നാമത്

കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച്സംഘടിപ്പിച്ച റൂബി ജൂബിലി മാരത്തോൺ മത്സരത്തിൽ ബാംഗ്ലൂർ സ്വദേശിയായ രാജേഷ് കുമാർ ഒന്നാമതെത്തി.വിജയിക്ക് ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ താമരശ്ശേരി സ്വദേശിയായ നബീൽ സാഹിയക്ക്
10000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിച്ചു.5000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും സ്വന്തമാക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് തൃശ്ശൂർ സ്വദേശിയായ മനോജ് എം ആണ്.
ദിഗംബർ ദമാലി- ബാംഗ്ലൂർ, ജോർജ് മാത്യു- കോഴിക്കോട്, അതുൽ – വടകര എന്നിവർ നാല് അഞ്ച് ആറ് സ്ഥാനങ്ങളിൽ സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സ്വന്തമാക്കി.മികച്ച വനിത അത്‌ലറ്റിനുള്ള 5000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും തലയാട് സ്വദേശിനിയായ അനശ്വര എംപി സ്വന്തമാക്കി. വിജയികൾക്കുള്ള ട്രോഫികൾ ഇന്ത്യൻ ഫുട്ബോൾ താരം എം. പി. സക്കീർ വിതരണം ചെയ്തു.
താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സമാപന സമ്മേളനത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാരത്തോൺ കോർഡിനേറ്റർ നോബിൾ കുര്യാക്കോസ്,ഫാ. ജോർജ് വെള്ളാരംകാലായിൽ, ഫാ. അജിത് വെളിയത്ത്, അഖിൽ ജോസഫ്, രഞ്ജു മാത്യു, ബിജോയ് ജോസഫ്, വിനോദ് ജോസ്, തോമസ് കെ. എം,മാർട്ടിൻ ടി.ഡി, സിജി എൻ. എം., ശീതൾ ബാബു, ബിജിലി ജോസഫ്, അഖില ജോസഫ് എന്നിവർ നേതൃത്വം വഹിച്ചു.
കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി 163 പേർ പങ്കെടുത്തതിൽ 67 പേരാണ് കോടഞ്ചേരിയിൽ നിന്നും തിരുവമ്പാടി വരെ 10 കിലോമീറ്റർ മാരത്തോൺ പൂർത്തിയാക്കിയത്.







