വേളംകോട് ഓർത്തഡോക്സ് പള്ളി കൂദാശ നാളെ

കോടഞ്ചേരി : വേളംകോട് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ വിശുദ്ധ മൂറോനഭിഷേക കൂദാശ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ നടത്തും.
മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ പക്കോമിയോസ്, മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ പീലക്സിനോസ് എന്നിവർ സാഹ കാർമികരാകും. ദേവാലയ കൂദാശ യോടനുബന്ധിച്ച് തിരുശേഷിപ്പ് പുനഃസ്ഥാപനം, വൈദിക ഭവനം, കൽക്കുരിശ്, കൊടിമരം എന്നിവയുടെ കൂദാശയും ഉണ്ടാകും. വികാരി ഫാ. ഷിബു വിൽസൺ, ട്രസ്റ്റി സി. ജെ. പൗലോസ് തുടങ്ങിയവർ നേതൃത്വംനൽകും.
വ്യാഴാഴ്ച നാലുമണിക്ക് പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള പിതൃസ്മൃതി പ്രയാണം, മൈക്കാവ് ദേവാലയത്തിൽ നിന്നും വാഹനറാലിയോടെ ആരംഭിച്ച് കാഞ്ഞിരാട് കല്ലന്ത്രമേട് വഴി വേളംകോട് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ എത്തിച്ചേരും.
അഞ്ചുമണിക്ക് പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പുനഃസ്ഥാപനം, കൽക്കുരിശ്, കൊടിമരം , വൈദിക ഭവനം എന്നിവയുടെ കൂദാശ, സ്നേഹവിരുന്ന്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് പരിശുദ്ധ ബാവ തിരുമേനിയെയും അഭിവന്ദ്യ തിരുമേനിമാരെയും മൈക്കാവ് അങ്ങാടിയിൽനിന്ന് വേളംകോട് കുരിശടി വഴി വാഹനറാലിയായി പള്ളിയിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടർന്ന് സന്ധ്യനമസ്കാരം, വിശുദ്ധ ദേവാലയ കൂദാശ ഒന്നാം ഭാഗം, സ്നേഹവിരുന്ന് , വാദ്യമേളം. ശനിയാഴ്ച രാവിലെ ആറരയ്ക്ക് പ്രഭാത നമസ്കാരം, വിശുദ്ധ ദേവാലയ കൂദാശ രണ്ടാം ഭാഗം, വിശുദ്ധ മൂന്നിൻമേൽ കുർബാന, പൊതുസമ്മേളനം.







