തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് നിർമാണം വഴിയാധാരം

തിരുവമ്പാടി : വാടകക്കെട്ടിടത്തിന്റെ പരിമിതസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടിക്കഴിയുന്ന തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസിനായി സ്ഥലംലഭ്യമായിട്ട് ഒരുവർഷം പിന്നിട്ടെങ്കിലും നിർമാണനടപടികൾ എങ്ങുമെത്തിയില്ല. സൗജന്യമായി ലഭ്യമായ സ്ഥലം ഉപയോഗശൂന്യമായിക്കിടക്കുകയാണ് 19 വർഷം മുൻപാണ് ഇവിടെ സബ് രജിസ്ട്രാർ ഓഫീസ് അനുവദിക്കുന്നത്. എം.പി. വീരേന്ദ്രകുമാർ എം.പി.യുടെയും ജോർജ് എം തോമസ് എം.എൽ.എ.യുടെയും സാന്നിധ്യത്തിൽ 2007 ജനുവരി 27-ന് മന്ത്രി എസ്. ശർമയായിരുന്നു ഉദ്ഘാടനംചെയ്തത്. ചർച്ച് റോഡിൽ ഗവ. ഐ.ടി.ഐ. പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് സമീപം വൻ വാടകനൽകിയാണ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്. വാടകയിനത്തിൽ സർക്കാരിന് വർഷംതോറും ലക്ഷങ്ങളാണ് നഷ്ടമാകുന്നത്.
സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 2025 ജൂണിലാണ് കേവലം അരക്കിലോമീറ്റർ അകലെ കറ്റിയാട് ഇലഞ്ഞിക്കൽ റോഡിൽ ഏഴുസെന്റ് ഭൂമി ലഭ്യമായത്. മലയിൽ പുത്തൻപുരയിൽ ജോസ്-ആൻസി ജോസഫ് ദമ്പതിമാരുടെ ഭൂമി വിലയ്ക്കുവാങ്ങി എടച്ചേരി ജംഷീർ എന്ന യുവാവാണ് സബ് രജിസ്ട്രാർ ഓഫീസിന് ഇഷ്ടദാനമായി നൽകിയത്.
സബ് രജിസ്ട്രാർ സോണാ ജോർജിന്റെ സാന്നിധ്യത്തിൽ ജില്ലാ രജിസ്ട്രാർ ജനറൽ പി. കെ. ബിജുവാണ് ഭൂവുടമകളിൽനിന്ന് രേഖകൾ ഏറ്റുവാങ്ങിയിരുന്നത്.
കെട്ടിടനിർമാണ നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് അന്നത്തെ എം.എൽ.എ. ലിന്റോ ജോസഫ് അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. പുതിയ സർക്കാരിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. കറ്റിയാട് സബ് രജിസ്ട്രാർ ഓഫീസ് യാഥാർഥ്യമാകുന്നതോടെ അങ്ങാടിയുടെ വികസനം ഈ ഭാഗത്തേക്കുകൂടി വ്യാപിക്കും. കൃഷിഭവനും ഗവ. മൃഗാശുപത്രിയും ഹോമിയോ ഡിസ്പെൻസറിയും നിർമാണത്തിലിരിക്കുന്ന കെ. എസ്.ആർ.ടി.സി. സബ് ഡിപ്പോയുമെല്ലാം കറ്റിയാടാണ്. വികസനം ഈ ഭാഗത്തേക്കുകൂടി വ്യാപിക്കുന്നത് ജനത്തിരക്കും വാഹനങ്ങളുടെ ബാഹുല്യവുംമൂലം വീർപ്പുമുട്ടുന്ന തിരുവമ്പാടി അങ്ങാടിക്ക് ആശ്വാസമാകും. സബ് രജിസ്ട്രാർ ഓഫീസ് കൂടി വരുന്നതോടെ കറ്റിയാട് പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറും.







