സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണം; മൂന്നാം ക്ലാസുകാരിയുടെ നിവേദനം ഏറ്റുവാങ്ങി വി.ഡി. സതീശൻ

മുക്കം : കുരുന്നുകളുടെ ജീവൻ ജലാശയങ്ങളിൽ നഷ്ടപ്പെടുന്ന അപകടങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തെ സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണമെന്ന ആവശ്യവുമായി തോട്ടുമുക്കം സ്വദേശിനിയും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ റനാ ഫാത്തിമ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിൽ കണ്ട് നിവേദനം നൽകി.
മാധ്യമപ്രവർത്തകനായ റഫീഖ് തോട്ടുമുക്കത്തിന്റെ മകളായ റനാ ഫാത്തിമ, കുട്ടികളുടെ ജീവൻ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. നിയമസഭാ സമുച്ചയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ റനയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട വി.ഡി. സതീശൻ വിഷയത്തെ ഗൗരവത്തോടെ പരിഗണിക്കുമെന്ന് ഉറപ്പ് നൽകുകയും, ചെറിയ പ്രായത്തിൽ സമൂഹത്തിന് മാതൃകയാകുന്ന ഇടപെടൽ നടത്തിയ റനയെ അഭിനന്ദിക്കുകയും ചെയ്തു.
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും റനയുമായി കൂടിക്കാഴ്ച നടത്തി നിവേദനം സ്വീകരിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നീന്തൽ പരിശീലനത്തിന്റെ പ്രാധാന്യം സംബന്ധിച്ചും ചർച്ച നടന്നു.
കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും നിവേദനം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും നേതൃത്വം നൽകുകയും ചെയ്തത് തിരുവമ്പാടി മണ്ഡലം എം.എൽ.എ സി.കെ. കാസിം ആയിരുന്നു.
നിവേദനം സമർപ്പിച്ചതിന് പുറമെ നിയമസഭാ സമ്മേളനത്തിന്റെ നടപടികൾ ഗാലറിയിലിരുന്ന് നേരിൽ വീക്ഷിക്കാനും റനയ്ക്കും കുടുംബത്തിനും അവസരം ലഭിച്ചു.
സംസ്ഥാനത്തെ എല്ലാ കുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ട് മുന്നോട്ടുവെച്ച തോട്ടുമുക്കം സ്വദേശിനിയായ റനാ ഫാത്തിമയുടെ ഈ സംരംഭം സമൂഹത്തിന്റെ വിവിധ മേഖലകളിൽ അഭിനന്ദനം നേടുകയാണ്.







