മലയോര മേഖലയ്ക്ക് കൈത്താങ്ങായി മുക്കം റോട്ടറി ക്ലബ്ബ്; എന്റെ മുക്കം സന്നദ്ധസേനയ്ക്ക് റെസ്ക്യൂ ഉപകരണങ്ങൾ കൈമാറി

മുക്കം: പ്രാദേശിക രക്ഷാപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ‘എന്റെ മുക്കം’ സന്നദ്ധസേനയ്ക്ക് അത്യാധുനിക റെസ്ക്യൂ ഉപകരണങ്ങൾ സമ്മാനിച്ച് മുക്കം റോട്ടറി ക്ലബ്ബ് മാതൃകയായി.കഴിഞ്ഞ ദിവസം ഹോട്ടൽ മലയോരം ഗേറ്റ്വേയിൽ വെച്ച് നടന്ന റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ ഇൻസ്റ്റാളേഷൻ ചടങ്ങിലാണ് ഉപകരണങ്ങൾ കൈമാറിയത്.
മലയോര മേഖലയിലെ സങ്കീർണ്ണമായ രക്ഷാപ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാകുന്ന ലൈഫ് ജാക്കറ്റുകൾ, സുരക്ഷാ റോപ്പുകൾ, കിണറ്റിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പ്രത്യേക ബെൽറ്റുകൾ, അത്യാധുനിക ടോർച്ചുകൾ തുടങ്ങി നിരവധി ഉപകരണങ്ങളാണ് റോട്ടറി ക്ലബ്ബ് സേനയ്ക്ക് നൽകിയത്.
മുക്കം റോട്ടറി ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഡോക്ടർ ഷാജി ‘എന്റെ മുക്കം’ സന്നദ്ധസേനാ ഭാരവാഹികൾക്ക് ഉപകരണങ്ങൾ കൈമാറി ചടങ്ങിൽ ഗംഗാധരൻ ആകാശഗംഗ, Dr നിനകുമാർ, ഉമ്മർ ത്രീ സ്റ്റാർ dr. ദീപക്ക് Dr. മിനി, അനിൽകുമാർ KP, അരുണ KK,നന്ദൻ മാഷ്,റൈനിഷ് നീലാംബരി മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ തുടങ്ങിയവർ സംബന്ധിച്ചു.
കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ ‘എന്റെ മുക്കം’ കൂട്ടായ്മയ്ക്ക് റോട്ടറി ക്ലബ്ബ് വലിയ രീതിയിലുള്ള പിന്തുണയും സഹായവും നൽകിയിരുന്നു.ദുരന്തമുഖങ്ങളിലും അടിയന്തര ഘട്ടങ്ങളിലും ജീവൻ പണയം വെച്ച് സേവനം അനുഷ്ഠിക്കുന്ന സന്നദ്ധസേനാംഗങ്ങൾക്ക് പുതിയ ഉപകരണങ്ങൾ ലഭിച്ചത് മലയോര മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.







