Mukkam

മുക്കം എംഡിഎംഎ കേസ്; സാമ്പത്തിക ഇടപാടുകൾ നടത്തിയ നീലേശ്വരം സ്വദേശിനി ഖദീജ പിടിയിൽ

മുക്കം: സംസ്ഥാനത്തെ നടുക്കിയ മുക്കം വൻ ലഹരിവേട്ടക്കേസിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജ (40)യെയാണ് താമരശ്ശേരി ഡിവൈഎസ്‌പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഏപ്രിൽ രണ്ടിന് മുക്കം അഗസ്ത്യമുഴിയിൽ നിന്ന് മുഹമ്മദ് ഹനീഫ (36)യെ 517 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന് ഇയാൾ താമസിച്ചിരുന്ന മുത്താലത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 2.306 കിലോഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. ഇതോടെ കേസിൽ ബേപ്പൂർ സ്വദേശിനിയായ റൈഹാനത്തിനെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു.

തുടരന്വേഷണത്തിലാണ് മുഹമ്മദ് ഹനീഫ ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിലെത്തിച്ച് വിതരണം നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതിയുടെ അടുത്ത സുഹൃത്തായ ഖദീജയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

മെയ് 23-ന് തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഡോദരയ്ക്ക് സമീപം ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട ഹനീഫ പത്ത് ദിവസത്തിന് ശേഷം കർണാടകയിലെ കൽബുർഗിയിൽ നിന്ന് വീണ്ടും പിടിയിലായിരുന്നു. ഒളിവിലായിരുന്ന സമയത്ത് ഖദീജ പലതവണയായി ഏകദേശം ₹1.5 ലക്ഷം സാമ്പത്തിക സഹായം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. കോഴിക്കോട് റൂറൽ എസ്.പി. ജോസഫിന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button