ചാലിപ്പുഴയും ഇരുവഞ്ഞിയും വീണ്ടും ഒരുങ്ങുന്നു….. മലബാർ റിവർ ഫെസ്റ്റിവൽ 2026; ജൂലൈ 30ന് തുടക്കം, പ്രീ-ഇവന്റുകൾ ജൂലൈ 18 മുതൽ

കോടഞ്ചേരി : ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവും രാജ്യത്തെ മുൻനിര സാഹസിക കായിക മേളകളിലൊന്നുമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം വൈവിധ്യമാർന്ന പ്രീ-ഇവന്റുകൾ സംഘടിപ്പിക്കുന്നു.
ജൂലൈ 30, 31, ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലായി കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പ് നടക്കുക. ഫെസ്റ്റിവലിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പ്രാദേശിക തലത്തിൽ ആവേശം സൃഷ്ടിക്കുന്നതിനുമായാണ് വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രീ-ഇവന്റുകൾ ഒരുക്കുന്നത്.
ജൂലൈ 18ന് തിരുവമ്പാടിയിൽ നീന്തൽ മത്സരം, 19ന് കൂടരഞ്ഞിയിൽ കൈറ്റ് ഫെസ്റ്റ്, തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഓഫ്‌റോഡ് ഫൺ ഡ്രൈവ്, മുക്കത്ത് കബഡി ചാമ്പ്യൻഷിപ്പ്, കൊടിയത്തൂരിൽ 4×4 വണ്ടിപ്പൂട്ട് മത്സരം എന്നിവയാണ് ആദ്യ ദിനങ്ങളിലെ പ്രധാന ഇനങ്ങൾ. 20ന് വയനാട് ചുരത്തിൽ മഴ നടത്തവും സംഘടിപ്പിക്കും.23ന് കോടഞ്ചേരി മുതൽ തേവർമല വരെ മഴനടത്തം, 25ന് ഓമശ്ശേരിയിൽ മഡ് ഫുട്ബോൾ, കൂളിമാട് മുതൽ തുഷാരഗിരി വരെ സൈക്ലിങ് ടൂർ എന്നിവയും പ്രീ-ഇവന്റുകളുടെ ഭാഗമാണ്. 26ന് കക്കാടംപൊയിലിൽ മീൻപിടിത്ത മത്സരം, കോഴിക്കോട് നഗരം മുതൽ കയാക്കിങ് സെന്റർ വരെ മൺസൂൺ ബുള്ളറ്റ് ഫൺ റൈഡ് എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഫെസ്റ്റിവലിന് തൊട്ടുമുമ്പുള്ള ദിവസമായ 29ന് തുഷാരഗിരിയിൽ കയാക്കിങ് ബ്രഷ് സ്ട്രോക്സ് എന്ന പ്രത്യേക പരിപാടിയും ഉണ്ടാകും. ഇതിനോടകം വയനാട് ചുരം റൺ, തലാപ്പിയ ഫിഷിങ് ചാമ്പ്യൻഷിപ്പ്, ട്രക്കിങ് തുടങ്ങിയവ പ്രീ-ഇവന്റുകളുടെ ഭാഗമായി വിജയകരമായി നടന്നു. കേരള വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി യോഗം സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.







