Mukkam

ആനയംകുന്ന് സ്കൂളിൽ നവാഗതർക്ക് വേറിട്ട വരവേൽപ്പുമായി എൻ.എസ്.എസ് യൂണിറ്റ്

മുക്കം: ഹൈസ്കൂളുകളിൽ പോലും റാഗിംഗും ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ അക്രമങ്ങളും പതിവായ പുതിയ കാലത്ത് ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികൾ നൽകിയ വരവേൽപ്പ് വേറിട്ട അനുഭവമായി മാറി.

പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ സ്കൂളിന്റെ പടിവാതിലിലൂടെ പുതുസ്വപ്നങ്ങളുമായി കടന്നുവന്ന ജൂനിയർ വിദ്യാർത്ഥികൾക്ക് സ്നേഹവും സൗഹൃദവും നിറഞ്ഞ വരവേൽപ്പ് നൽകിയത് ആനയംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ്.

പുതുമയുടെ കൗതുകവും ചെറിയ അപരിചിതത്വവും മനസ്സിൽ നിറച്ച് എത്തിയ നവാഗതർക്ക് ഈ ദിവസം മറക്കാനാവാത്ത അനുഭവമായി മാറുകയായിരുന്നു. എൻ എസ് കസ് ലീഡർ ദയാദിനോജ്, പ്രോഗ്രാം ഓഫീസർ കെ.വിനസീറ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് കൊഴുപ്പേകി എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ രസകരമായ ഗെയിമുകളും വിനോദപരിപാടികളും സംഘടിപ്പിച്ചു.

ചിരിയും സന്തോഷവും നിറഞ്ഞ നിമിഷങ്ങളിലൂടെ നവാഗതർ പരസ്പരം പരിചയപ്പെടുകയും പുതിയ സൗഹൃദങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. പരിപാടിയുടെ ഓരോ ഘട്ടത്തിലും വളണ്ടിയർമാരുടെ കൂട്ടായ പ്രവർത്തനവും നേതൃത്വപാടവവും പ്രകടമായി.വിനോദത്തിനൊപ്പം തന്നെ പുതുതായി എത്തിയ വിദ്യാർത്ഥികൾക്ക് ആവശ്യമായ ബോധവൽക്കരണവും നൽകി. നല്ല ശീലങ്ങൾ, പരസ്പര ബഹുമാനം, സൗഹൃദം, ഉത്തരവാദിത്വബോധം എന്നിവയുടെ പ്രാധാന്യം അവരിലേക്ക് എത്തിക്കാൻ പരിപാടിയിലൂടെ സാധിച്ചതായി സ്കൂൾ പ്രിൻസിപ്പൽ പി.പി ലജ്ന പറഞ്ഞു. പുതിയ മുഖങ്ങളെ പരിചയങ്ങളാക്കാനും പരിചയങ്ങളെ സൗഹൃദങ്ങളാക്കാനും കഴിഞ്ഞ ഈ ഫ്രഷേഴ്സ് സ്വീകരണ പരിപാടി എൻ എസ് എസ് യൂണിറ്റിന്റെ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും മനോഹരമായ പ്രതിഫലനമായി മാറുകയായിരുന്നു

Related Articles

Leave a Reply

Back to top button