India

പതിനഞ്ച് ദിവസത്തിനുള്ളില്‍ കുടിയേറ്റ തൊഴിലാളികളെ വീടുകളില്‍ എത്തിക്കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: പതിനഞ്ച് ദിവസത്തിനുള്ളില്‍ കുടിയേറ്റ തൊഴിലാളികളെ വീടുകളില്‍ എത്തിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്നും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ആരംഭിക്കണമെന്നും സുപ്രീം കോടതി സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ റെയില്‍വേ ശ്രമിക് തീവണ്ടികള്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചതിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. ദേശിയ ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവിധ സര്‍ക്കാരുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കുടിയേറ്റ തൊഴിലാളികളുടെ പുനരധിവാസത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കിയ എല്ലാ പദ്ധതികളും അനൂകൂല്യങ്ങളും പരസ്യപ്പെടുത്തണമെന്നും തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ സ്വമേധയാ എടുത്ത ഹര്‍ജി സുപ്രീം കോടതി വീണ്ടും ജൂലൈ എട്ടിന് പരിഗണിക്കും.

Related Articles

Leave a Reply

Back to top button