മുക്കം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പുതിയ ബാച്ച്; മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ

മുക്കം: മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പുതിയ ബാച്ച് അനുവദിക്കുന്നതിന് മുൻഗണന നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ഉറപ്പുനൽകി.
മുക്കം മുസ്ലിം ഓർഫനേജിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓർഫനേജ് കമ്മിറ്റി സംഘടിപ്പിച്ചു. എം.എം.ഒ ഗ്രാൻഡ് അലുംനി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബാച്ച് അനുവദിക്കണമെന്ന ആവശ്യം തിരുവമ്പാടി എം.എൽ.എ സി.കെ. കാസിമും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
1956ൽ വെറും 22 അനാഥക്കുട്ടികൾക്ക് അഭയം നൽകിക്കൊണ്ട് പ്രവർത്തനം ആരംഭിച്ച മുക്കം മുസ്ലിം ഓർഫനേജ് ഇന്ന് ആയിരക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷയായി വളർന്ന സ്ഥാപനമാണെന്ന് മന്ത്രി പറഞ്ഞു.
ഏഴു പതിറ്റാണ്ട് മുമ്പുള്ള ജീവിതസാഹചര്യങ്ങളിൽനിന്ന് ഉയർന്ന നിലവാരത്തിലേക്ക് എത്താൻ സഹായിച്ച സ്ഥാപനത്തോടുള്ള കടപ്പാടും സ്നേഹവും പൂർവവിദ്യാർഥികൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തന്റെ പിതാവാണ് രാഷ്ടീയ ഗുരുവെന്നും മന്ത്രി കൂട്ടിച്ചേർ ത്തു.
നിരവധി പൂർവവിദ്യാർഥികൾ പങ്കെടുത്ത സംഗമത്തിൽ എം.എം.ഒ പ്രസിഡന്റ് വി. അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി എം. എൽ.എ സി.കെ. കാസിം മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ചവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അ ബ്ദുൽ അസീസ്, പൂർവവിദ്യാർഥി സംഘടനയുടെ ദീർഘകാല നേതാവ് കെ. മമ്മദ്, സംഘടനാ നേതാവ് കെ.ടി. അബ്ദുറഹിമാൻ, പരേതനായ വയലിൽ മൊയ്തീൻ കോയ ഹാജിയുടെ ജീവിതപാത ദൃശ്യാവിഷ്കാരത്തിലൂടെ പ്രേക്ഷകരിലെത്തിച്ച എൻ.സി. അബ്ദുല്ലത്തീഫ് എന്നിവരെയാണ് ആദരിച്ചത്.
സെക്രട്ടറി വി. ഹസ്സൻ ഹാജി, ജനറൽ സെക്രട്ടറി വി.ഇ. മോയി ഹാജി, ട്രഷറർ വി. മോയി ഹാജി, ഡോ. എൻ.എം. അബ്ദുൽ മജീദ്, വി ഷാഫി ഹാജി, അഷ്റ വയലിൽ, വി. വീരാൻ കോയ തുടങ്ങിയവർ സംസാരി ച്ചു. തുടർന്ന് സംഗീതവിരുന്നും അരങ്ങേറി.







