തിരുവമ്പാടി പഞ്ചായത്തിൽ പ്രക്യതിദുരന്തനിവാരണ സേന രൂപീകരിക്കും.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രകൃതിദുരന്തനിവാരണ സേന രൂപീകരണ നടപടികൾ ആരംഭിച്ചു. പഞ്ചായത്ത് ഹാളിൽ ഇന്ന് ചേർന്ന സർവ്വകക്ഷി പ്രതിനിധികളുടെ യോഗത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കി. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിക്കും. പഞ്ചായത്തുതല വകുപ്പ് തലവൻമാരും, ജനപ്രതിനിധികളും അടങ്ങുന്ന മോണിറ്റർ സെൽ യോഗത്തിൽ രൂപീകരിച്ചു. നൂറ് പേർ അടങ്ങുന്ന ദുരന്തനിവാരണ സേന രൂപീകരിച്ച് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദുരന്തനിവാരണ സേന അംഗങ്ങൾക്ക് വേണ്ട പരിശീലനം ഫയർഫോഴ്സിൻ്റെ സഹായത്തോടെ നൽകും. സേനയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫൈബർ ബോട്ട്, ലൈഫ് ജാക്കറ്റ് മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ അടിയന്തരമായി വാങ്ങും. ദുരന്തനിവാരണ സേന ടീമിലേക്ക് നീന്തൽ വശമുള്ള ഇരുപത് വയസിനും നാല്പത്തിയഞ്ചു വയസിനും മദ്ധ്യേ പ്രായമുള്ള ഊർജ്ജസ്വലരും, സേവന തൽപരരുമായ ചെറുപ്പക്കാരെയാണ് ഉൾപ്പെടുത്തുക. സേനയിൽ അംഗങ്ങളാകാൻ താൽപര്യമുള്ളവർ ഐ ഡി കാർഡിൻ്റെ കോപ്പിയും, സ്റ്റാമ്പ് സൈസ് ഫോട്ടോയും, അപേക്ഷയും സഹിതം പഞ്ചായിൽ ഏൽപ്പിക്കേണ്ടതാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രളയം വൻ നാശം വിതച്ച തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണ സേന രൂപികരിക്കാത്തത് പ്രതിസന്ധി ഘട്ടങ്ങളിൽ ദോഷകരമായി ബാധിക്കുമെന്ന് തിരുവമ്പാടിയിലെ മാധ്യമകൂട്ടായ്മ റിപ്പോർട്ട് ചെയ്തിരുന്നു.
വൈസ് പ്രസിഡൻ്റ് ഗീത വിനോദ് അദ്ധ്യക്ഷത വഹിച്ച സർവ്വകക്ഷി പ്രതിനിധികളുടെ യോഗത്തിൽ പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ വിഷയം അവതരിപ്പിച്ചു. യോഗത്തിൽ വില്ലേജ് അസിസ്റ്റൻ്റ് സുധീർ, സബ് ഇൻസ്പെക്ടർ മധു, ഫോറസ്റ്റ് ഓഫീസർ വിജയൻ, ഫയർഫോഴ്സ് ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്, അസിസ്റ്റന്റ് എൻജിനിയർ രമ്യ, സി ഡി എസ് ചെയർപേഴ്‌സൺ മോളി ജോൺ, അസിസ്റ്റന്റ് എൻജിനിയർ അമൽ തുടങ്ങിയവർ വിവിധ ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ഡിപ്പാർട്ട്മെൻ്റ് തലത്തിൽ നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ വിശദീകരിച്ചു, ജനപ്രതിനിധികളായ കെ ആർ ഗോപാലൻ, ടോമി കൊന്നക്കൻ, ബോസ് ജേക്കബ്, റോബർട്ട് നെല്ലിക്കാതെരുവിൽ, റംല ചോലക്കൽ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ സി എൻ പുരുഷോത്തമൻ, ഗണേഷ് ബാബു, ജോയി മ്ലാങ്കുഴി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ജിജി ഇല്ലിക്കൽ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ എന്നിവരും യോഗത്തിൽ പങ്കെടുത്തു.







