Thiruvambady

അന്യസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് ഫോൺ കൈക്കലാക്കിയ മോഷ്ടാക്കളെ തിരുവമ്പാടി പോലീസ് പിടികൂടി

തിരുവമ്പാടിയിൽ താമസമാക്കിയ വെസ്റ്റ് ബംഗാൾ സ്വദേശിയെ ജോലി വാഗ്ദാനം ചെയ്ത് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ മോഷ്ടാക്കളെ തിരുവമ്പാടി പോലീസ് പിടികൂടി. കല്ലുരുട്ടി സ്വദേശിയായ മുഹമ്മദ് അഫ്‌സൽ (24), മലയമ്മ സ്വദേശിയായ ജസിം വി കെ (26) എന്നിവരെയാണ് തിരുവമ്പാടി സി ഐ ഷജു ജോസഫിന്റെ നേതൃത്വതത്തിലുള്ള സംഘം പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഓമശ്ശേരിയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. കോടഞ്ചേരി, കുന്ദമംഗലം സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ കഞ്ചാവ് കേസുകൾ ഉൾപ്പെടെയുള്ള മറ്റ് കേസുകളും ഉള്ളതായി അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്. പ്രതികൾ മോഷണത്തിനായി ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അന്യസംസ്ഥാന തൊഴിലാളികൾക്ക് ജോലി വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റി കബളിപ്പിച്ച് മൊബൈൽ ഫോൺ കൈക്കലാക്കുകയും പിന്നീട് ചെറിയ വിലയിൽ വിൽപ്പന നടത്തുകയും ചെയ്യുന്നതാണ് പിടിയിലായ യുവ മോഷ്ടാക്കളുടെ രീതി. മോഷ്ടിച്ച ഫോണുകൾ വിൽപന നടത്താൻ സഹായിക്കുന്ന വ്യക്തികളെപറ്റിയും വിവരം ലഭിച്ചതായാണ് സൂചന.

സെപ്റ്റംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് വെസ്റ്റ് ബംഗാൾ സ്വദേശിയെ പ്രതികൾ വാഹനത്തിൽ കയറ്റുകയും തിരുവമ്പാടി ചാവലപ്പാറയിൽ എത്തിയ ശേഷം തൊഴിലാളിയെ ഇറക്കി ഇയാളുടെ കൈവശമുണ്ടായിരുന്ന 15000 രൂപയോളം വിലവരുന്ന റെഡ്മി ഫോൺ മോഷ്ടാക്കളിൽ ഒരാൾ തട്ടിപറിച്ച് ഇരുവരും ബൈക്കിൽ കടന്നുകളയുകയുമായിരുന്നു. അന്വേഷണത്തിനിടെയാണ് തിരുവമ്പാടിയിൽ തന്നെ മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയെയും ഇത്തരത്തിൽ കബളിപ്പിച്ചതായി വിവരം ലഭിച്ചത്.

അന്വേഷണ സംഘത്തിൽ എസ് ഐമാരായ മധു കെ കെ, ബേബി മാത്യു, എസ് സി പി ഒമാരായ വിജേഷ് കുമാർ, സപ്‌നേഷ്, സി പി ഒമാരായ അനീസ്, മനീഷ്, സെബാസ്റ്റ്യൻ തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Back to top button