ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എപി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമം; സഞ്ചരിച്ച കാറിന്റെ പിറകില്‍ ലോറി ഇടിച്ചത് രണ്ട് തവണ, ഭക്ഷണം കഴിക്കുമ്പോഴും അപമാനിച്ചെന്ന് പരാതി

കോഴിക്കോട്: ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമം. താന്‍ സഞ്ചരിച്ച കാറിന്റെ പിറകില്‍ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
മലപ്പുറം രണ്ടത്താണിയില്‍ വെച്ചായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പൊന്നാനിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചതായും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും എ.പി അബ്ദുള്ളക്കുട്ടി കോഴിക്കോട് ആവശ്യപ്പെട്ടു.
സംഭവത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അപലപിച്ചു. എല്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.







