India

എല്ലാ ട്രെയിന്‍ സര്‍വീസുകളും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച്‌ പുനഃരാരംഭിക്കുമെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: പൂജ, ദീപാവലി ആഘോഷങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക ട്രെയിന്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടതനുസരിച്ച്‌ ദക്ഷിണ റെയില്‍വേ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മാറ്റമില്ലാതെ അംഗീകരിച്ചേക്കുമെന്നാണ് വിവരം. ഇതനുസരിച്ച്‌ കേരളത്തിന് തീവണ്ടികള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

കോവിഡിനു മുമ്പ് സംസ്ഥാനത്തുനിന്ന് പുറത്തേക്ക് സര്‍വീസ് നടത്തിക്കൊണ്ടിരുന്നവയാണ് ഈ തീവണ്ടികളെല്ലാം. കൂടുതലും ബിഹാര്‍, ബംഗാള്‍, ഗുജറാത്ത് മേഖലകളിലേക്കാണ്. ഉത്സവകാലം കഴിഞ്ഞാലും ഇവയില്‍ ചിലത് തുടര്‍ന്നേക്കാം.

പുതിയ തീവണ്ടികളിലെല്ലാം പാഴ്‌സല്‍ സൗകര്യവും ഉണ്ടാവും. 200 പ്രത്യേക തീവണ്ടികള്‍ തുടങ്ങാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് എല്ലാ സോണല്‍ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. ഇവയില്‍ 39 എണ്ണത്തിന് കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. കേരളത്തിനുള്ളില്‍ മാത്രമായി സര്‍വീസ് നടത്തുന്ന മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകളും പാസഞ്ചറുകള്‍ എന്ന് തുടങ്ങുമെന്ന് വ്യക്തമല്ല.

കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യതയനുസരിച്ച്‌ എല്ലാ തീവണ്ടി സര്‍വീസും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച്‌ പുനഃരാരംഭിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവനന്തപുരം, മംഗലാപുരം, ആലപ്പുഴ എന്നിവിടങ്ങളിലേക്കും എറണാകുളത്തുനിന്ന് കാരയ്ക്കാലിലേക്കും എഗ്മോറില്‍ നിന്ന് കൊല്ലത്തേക്കും ഇപ്പോള്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ ശരാശരി അമ്പത് ശതമാനം യാത്രക്കാര്‍ മാത്രമേയുള്ളൂ. എങ്കിലും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഓപ്പറേഷന്‍ വിഭാഗത്തില്‍ നിന്ന് അറിയിച്ചു. തമിഴ്നാട്ടില്‍ നിന്ന് ബെംഗളൂരു, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടില്ല.

Related Articles

Leave a Reply

Back to top button