Kerala

സ്‌കൂൾ അധ്യയന വർഷം മുഴുവനായി ഉപേക്ഷിക്കരുതെന്ന് വിദഗ്ധ സമിതി

സ്‌കൂൾ അധ്യയന വർഷം മുഴുവനായി ഉപേക്ഷിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. അധ്യയന വർഷം മെയ് വരെ നീട്ടണം. ശനിയാഴ്ചകളിലും ക്ലാസുകൾ നടത്തുകയും അധ്യാപകർ സ്‌കൂളുകളിൽ എത്തുകയും വേണം. സ്‌കൂൾ തുറക്കാൻ തീരുമാനിക്കുന്ന മുറയ്ക്ക് പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും തുടങ്ങണമെന്നും വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും.

സ്‌കൂൾ തുറക്കാൻ വൈകിയാലും പരീക്ഷ നടത്തണം. അധ്യാപകരോട് സ്‌കൂളിലെത്താൻ നിർദേശം നൽകണം. അതോടൊപ്പം കുട്ടികൾക്ക് ലഭ്യമാക്കേണ്ട പഠന ലക്ഷ്യങ്ങളും നേട്ടങ്ങളും ഉറപ്പു വരുത്തി മാത്രമേ അധ്യായന വർഷം പൂർത്തിയാക്കാവുയെന്നും വിദഗ്ധ സമിതി നിർദേശിക്കുന്നു.

സ്‌കൂൾ എന്ന് തുറക്കുന്നോ അന്ന് മുതൽ അധികസമയം ക്ലാസുകൾ ക്രമീകരിക്കും. അധ്യയന വർഷാവസാനം മെയ്യ് മാസത്തിൽ അവസാനിക്കണം. പൊതു പരീക്ഷ നടത്തേണ്ട 10, 12 ക്ലാസുകൾ ആരംഭിച്ച ശേഷമാവും 9 മതലുള്ള ക്ലാസുകൾ ആരംഭിക്കുക.

സ്കൂളുകൾ തുറക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നും വിദഗ്ധസമിതി നിർദ്ദേശിക്കുന്നു. വിക്ടേഴ്സ് ചാനൽ നടത്തുന്ന ഫസ്റ്റ്ബെൽ ക്ലാസുകൾ വഴി പഠിപ്പിച്ചവ കുട്ടികൾക്ക് മനസിലായോ എന്നറിയാൻ പരീക്ഷക്ക് പകരം വർക്ക് ഷീറ്റുകൾ ഉപയോഗിക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു. സർക്കാർ ഒാഫിസുകൾ പ്രവർത്തിച്ചു തുടങ്ങിയ സാഹചര്യത്തിൽ അധ്യാപകർ പരമാവധി സ്കൂളിലെത്താൻ നിർദേശിക്കണമെന്നാണ് സമിതിയുടെ ശിപാർശ.

Related Articles

Leave a Reply

Back to top button