Koodaranji

പൂവാറൻതോടിൽ പൊതുറോഡ് കൈയേറി തടയണനിർമാണം

കൂടരഞ്ഞി : സ്വാഭാവികനീരുറവ നികത്തി സ്വകാര്യ റിസോർട്ട് ഉടമ അനധികൃത തടയണ നിർമാണം നടത്തിയെന്ന് പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് മേടപ്പാറയിലാണ് പൊതുറോഡ് കൈയേറിയും വൻതോതിൽ പാറപൊട്ടിച്ചും മണ്ണിടിച്ചും തടയണ പണിതത്. കൂടരഞ്ഞി-കുളിരാമുട്ടി-നായാംടംപൊയിൽ-ചാലിയാർ-നിലമ്പൂർ പി.ഡബ്ല്യു.ഡി. റോഡ് ഏതാണ്ട് 20 മീറ്റർ ദൈർഘ്യത്തിൽ കൈയേറിയാണ് തടയണ നിർമിച്ചിരിക്കുന്നത്.

10 മീറ്റർ വീതിയുളള റോഡിന്റെ ഏതാണ്ട് രണ്ടുമീറ്ററിലധികം ഭാഗം കെട്ടിയെടുത്താണ് റിസോർട്ടിന് തടയണയൊരുക്കിയിരിക്കുന്നത്. രൂക്ഷമായ കുടിവെളളക്ഷാമം നേരിടുന്ന പ്രദേശമാണിത്. മൈനർ ഇറിഗേഷൻ, റവന്യൂ വകുപ്പുകളുടെ അനുമതിയില്ലാതെയാണ് സ്വാഭാവികനീരൊഴുക്ക് തടസ്സപ്പെടുത്തി തടയണ പണിതിരിക്കുന്നത്. തോട്ടിലേക്ക് വെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെടുത്തിക്കൊണ്ടാണ് കരിങ്കൽഭിത്തി കെട്ടിയിരിക്കുന്നത്. നാലുമീറ്റർ വീതിയുണ്ടായിരുന്ന തോട് ഗതിമാറ്റി ഒഴുക്കി ഒരുമീറ്ററാക്കി ചുരുക്കിയിരിക്കുകയാണ്.

കാലങ്ങളായി നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന തോടാണിത്. ഭീമമായ തോതിൽ മണ്ണെടുത്ത് മാറ്റിയത് ഇതുവഴിയുളള ഗതാഗതത്തിനും ഭീഷണിയായിരിക്കുകയാണ്. റോഡ് കൈയേറി പാർശ്വഭിത്തികെട്ടി കുളംപോലെ രൂപപ്പെടുത്തിയിരിക്കുകയാണ്. ഇത് റോഡിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരേപോലെ ഭീഷണിയുയർത്തുന്നു. അത്യുഷ്ണത്തിൽ സമീപത്തെ പൊയിലിങ്ങാപ്പുഴയുടെ ഉറുമി ഭാഗങ്ങളിലെല്ലാം പുഴ വരണ്ടുണങ്ങുകയാണ്. അതിനിടെയാണ് നീരുറവ തടഞ്ഞുനിർത്തിയിരിക്കുന്നത്.

തടയണനിർമാണത്തിനാവശ്യമായ കൂറ്റൻകല്ലുകൾ ഇതേ പറമ്പിൽവെച്ച് അനധികൃതമായി പൊട്ടിച്ചുമാറ്റിയിട്ടുമുണ്ട്. വിനോദസഞ്ചാരമേഖലയാണിത്. കക്കാടംപൊയിൽ, നായാടംപൊയിൽ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാനുതകുന്ന റോഡിലാണ് കൈയേറ്റം നടന്നിരിക്കുന്നത്. പരിസ്ഥിതി ലോലപ്രദേശമായ ഈ മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി ശക്തമാണ്. അടിയന്തര നടപടിയാവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.അനധികൃതനിർമാണം പൊളിച്ചുമാറ്റും

നാട്ടുകാരുടെ പരാതിയിൽ ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളുടെയും സെക്രട്ടറിയുടേയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതര പാരിസ്ഥിതികഭീഷണി ബോധ്യപ്പെട്ടിട്ടുണ്ട്. അനധികൃതനിർമാണം ഉടൻ പൊളിച്ചുമാറ്റും. റിസോർട്ട് ഉടമയ്ക്ക് സ്‌റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തിന്റെ ലൈസൻസില്ലാതെയാണ് റിസോർട്ട് പ്രവർത്തിക്കുന്നത്. കഴിഞ്ഞവർഷം മുതൽ ലൈസൻസ് പുതുക്കിയിട്ടില്ല. വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഏറെയുളള പഞ്ചായത്തിലെ മുഴുവൻ സ്ഥലങ്ങളും പഞ്ചായത്ത് അധികൃതർ ഉടൻ സന്ദർശിച്ച് പരിസ്ഥിതിക്ക് ആഘാതമാകുന്ന നിർമിതികൾ കണ്ടെത്തി കർശനനടപടികൾ കൈക്കൊള്ളുന്നതാണ്.

Related Articles

Leave a Reply

Back to top button